മുങ്ങിമരണം: കണ്ണീർ വാർത്ത് കോട്ടോപ്പാടം
text_fieldsഅലനല്ലൂർ: ഭീമനാട്ടെ പെരുങ്കുളത്തില്‍ സഹോദരിമാർ മുങ്ങിമരിച്ച ദുരന്തത്തിന്റെ ഞെട്ടലിൽ വിറങ്ങലിച്ച് കോട്ടോപ്പാടം ഗ്രാമം. സഹോദരിമാരുടെ മൃതദേഹം അക്കര വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോൾ അവസാന നോക്കുകാണാൻ എത്തിയത് വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ. പ്രിയപ്പെട്ടവരെ ഒരു നോക്കുകാണാനും അന്ത്യയാത്രാമൊഴിയേകാനുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കോട്ടോപ്പാടത്തെ കുടുംബവീടിന് ചുറ്റും കാത്തുനിന്നിരുന്നു. ഒരു മണിക്കൂറോളമാണ് വീട്ടുമുറ്റത്ത് മൃതദേഹങ്ങൾ പൊതുദര്‍ശനത്തിന് വെച്ചത്. വീട്ടിലെ പ്രാർഥന ചടങ്ങുകള്‍ക്ക് ശേഷമാണ് മയ്യിത്ത് നമസ്കാരത്തിന് പള്ളിയിലേക്ക് കൊണ്ടുപോയത്.
ബുധനാഴ്ച ഉച്ചയോടെയാണ് നാടിനെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ട് മൂന്ന് സഹോദരികളുടെ ആകസ്മിക വേര്‍പാടുണ്ടായത്. കുട്ടികളെ കുളം കാണിക്കാനും ഒപ്പം അലക്കാനുമായെത്തിയ നഷീദ അസ്ന, റമീഷ ഷഹനാസ്, റിഷാന അല്‍താജ് എന്നിവരാണ് പെരുങ്കുളത്തിലെ വെള്ളപ്പരപ്പില്‍ മുങ്ങിത്താഴ്ന്നത്. പിതാവിന്റെയും മക്കളുടെയും കൺമുന്നിലാണ് മൂവരെയും മരണം തട്ടിയെടുത്തത്.
‘ഉമ്മച്ചിയേ...’ നോവായി അസ്ലഹ
തച്ചനാട്ടുകര: ഭീമനാട് കുളത്തിൽ മുങ്ങി മരിച്ച സഹോദരിമാരിൽ നിഷിദ ഹസ്നയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഭർത്താവ് തോട്ടുങ്ങൽ ഷാഫിയുടെ മഹല്ലായ പാറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിന് ഹുസൈൻ തങ്ങൾ നേതൃത്വം നൽകി. കോട്ടോപ്പാടത്തെ വീട്ടിൽനിന്ന് വൈകീട്ട് മൂന്നോടെയാണ് നിഷിദയുടെ മൃതദേഹം അമ്പത്തിമൂന്നാം മൈലിലെ ഭർതൃവീട്ടിൽ എത്തിച്ചത്. ഇവർക്ക് രണ്ടു മക്കളാണുള്ളത്. മൂത്തമകൻ ഷഹനാദ് (എട്ട്) കൊമ്പം മൗലാന ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നാം തരത്തിൽ പഠിക്കുന്നു. മൂന്നര വയസ്സ് മാത്രം പ്രായമുള്ള ഇളയകുട്ടി അസ്ലഹയുടെ ‘ഉമ്മച്ചിയേ’ എന്നുള്ള നിരന്തരമായ വിളി കൂടിനിന്നവരെയെല്ലാം കണ്ണീരണിയിച്ചു. അപകടം നടന്ന ബുധനാഴ്ച ഉച്ച മുതൽ വീട്ടിൽ കൂടിയ ആളുകളോട് അസ്ലഹ പറഞ്ഞിരുന്നത് ഉമ്മച്ചി വെള്ളത്തിൽ മുങ്ങി ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നായിരുന്നു. ഭീമനാട് പെരുങ്കുളത്ത് കുളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് കോട്ടോപ്പാടം ഭീമനാട് അക്കര വീട്ടിൽ റഷീദിന്റെ മക്കളായ നഷീദ അസ്ന, റമീഷ ഷഹനാസ്, റിഷാന അൽതാജ് എന്നിവർ മുങ്ങി മരിച്ചത്.
മരുമകളുടെ മയ്യിത്ത് കണ്ട് ഭർതൃപിതാവ് കുഴഞ്ഞുവീണു
അലനല്ലൂർ: മരുമകളുടെ വിയോഗം താങ്ങാനാവാതെ ഭർതൃപിതാവ് കുഴഞ്ഞുവീണു. മരിച്ച റമീഷ ഷഹനാസിന്റെ ഭർതൃപിതാവ് വീരാൻ കുട്ടിയാണ് കോട്ടോപ്പാടത്തെ വീട്ടിൽ മയ്യിത്ത് കണ്ട് കുഴഞ്ഞുവീണത്. അസുഖബാധിതനായ വീരാൻകുട്ടിക്ക് താങ്ങും തണലുമായിരുന്നു റമീഷ. ഭർതൃപിതാവിനെ പരിചരിച്ചിരുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നതുമെല്ലാം ഡ്രൈവിങ് വശമുണ്ടായിരുന്ന റമീഷയായിരുന്നു. അഞ്ച് വർഷം മുമ്പാണ് കണ്ടമംഗലം കുന്നത്ത് വീട്ടിലെ അബ്ദുറഹ്മാൻ റമീഷയെ വിവാഹം ചെയ്തത്. ഇവർക്ക് മക്കളില്ല.
സഹോദരിമാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മണ്ണാർക്കാട്: തിരുവോണപ്പിറ്റേന്ന് നാടിനെ നടുക്കിയ ദുരന്തത്തിന്റെ നോവായി മാറിയ സഹോദരിമാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചിരിച്ചും കളിച്ചും ഇത്രയും കാലം ഒരുമിച്ചായിരുന്ന മൂവരും ഇനി മറക്കാനാവാത്ത നൊമ്പരം. പിച്ചവെച്ചു വളർന്ന അക്കര വീട്ടുമുറ്റത്ത് അവരുടെ ചലനമറ്റ ഭൗതികശരീരം കിടത്തിയപ്പോൾ കണ്ടുനിന്നവരുടെ ഹൃദയം തകർന്നു.
ബുധനാഴ്ച പത്തങ്ങം പെരുംകുളത്തിൽ മുങ്ങിമരിച്ച ഭീമനാട് അക്കര വീട്ടിൽ റഷീദ്-അസ്മ ദമ്പതികളുടെ മക്കളായ നിഷീദ അസ്ന, റമീഷ ഷഹനാസ്, റിഷാന അൽതാജ് എന്നിവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചക്ക് 1.15ഓടെയാണ് വീട്ടിലെത്തിച്ചത്. ദുഃഖം തളംകെട്ടി നിന്ന കുടുംബവീട്ടിലേക്ക് മൂന്ന് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ എത്തിച്ചത്. മരിച്ച സഹോദരിമാർക്ക് അന്തിമോപചാരം അർപ്പിക്കാൻ രാവിലെ മുതൽ ബന്ധുക്കളും നാട്ടുകാരും സഹപാഠികളുമായി വൻ ജനാവലിയാണ് എത്തിയത്. പിതാവ് റഷീദ്, മാതാവ് അസ്മ, ഏക സഹോദരൻ ഷമ്മാസ്, സഹോദരി റഷീഖ അൽമാസ് എന്നിവരെ താങ്ങിയെടുത്താണ് അവസാന നോക്ക് കാണാൻ വീട്ടുമുറ്റത്ത് എത്തിച്ചത്. ബുധനാഴ്ച ഉച്ചവരെ തങ്ങൾക്കൊപ്പം ഏറെ സന്തോഷത്തോടെയുണ്ടായിരുന്ന മൂവരും പ്രാണനറ്റ് കിടക്കുന്നത് കണ്ട മാതാപിതാക്കളുടെയും കൂടപ്പിറപ്പുകളുടെയും ഭർത്താക്കന്മാരുടെയും നൊമ്പരം കൂടിനിന്നവരിലും തേങ്ങലായി. മരിച്ച നിഷീദയുടെ മക്കളായ മുഹമ്മദ് ഷഹ്സാദ്, ഫാത്തിമ അസ്ലഹ എന്നിവർ പ്രിയപ്പെട്ട ഉമ്മക്ക് നൽകിയ അന്ത്യചുംബനം കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. വിവിധ ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നമസ്കാരത്തിന് പി.കെ. ഇമ്പിച്ചി കോയ തങ്ങൾ, എ.പി. അബ്ദുൽ ജലീൽ ഫൈസി, ഹബീബ് ഫൈസി കോട്ടോപ്പാടം എന്നിവർ നേതൃത്വം നൽകി. വൈകീട്ട് മൂന്നോടെയാണ് മൂവരുടെയും ഭൗതികശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോട്ടോപ്പാടം മഹല്ല് ജുമാമസ്ജിദിൽ എത്തിച്ച് മയ്യിത്ത് നമസ്കാരം നടത്തിയത്. പ്രാർഥനകൾക്കുശേഷം മരിച്ച സഹോദരിമാരിൽ മുതിർന്നയാളായ നിഷീദ അസ്നയെ ഭർത്താവിന്റെ മഹല്ലായ നാട്ടുകൽ പറമ്മേൽ ജുമാമസ്ജിദിലേക്ക് കൊണ്ടുപോയി. റമീഷയെയും റിഷാനയെയും കോട്ടോപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടുത്തടുത്തായി ഖബറടക്കി. ഒരുനാടിന്റെ മുഴുവൻ പ്രാർഥനകൾ ഏറ്റുവാങ്ങിയാണ് മൂവരും അന്ത്യയാത്രയായത്.
വി.കെ. ശ്രീകണ്ഠന് എം.പി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, മുസ്ലിം ലീഗ് പാലക്കാട് ജില്ല സെക്രട്ടറി കല്ലടി അബൂബക്കര്‍, പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ സൈദ് മീരാന്‍ ബാബു തുടങ്ങിയവര്‍ ജില്ല ആശുപത്രിയിലെത്തിയിരുന്നു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ജില്ല പഞ്ചായത്ത് അംഗം മെഹര്ബാന്, പൊതുപ്രവര്‍ത്തകരായ പി. മനോമോഹനന്‍, ജോസ് ബേബി, അസീസ് ഭീമനാട് ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ സഹോദരിമാര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാൻ വീട്ടിലെത്തിയിരുന്നു.
മക്കൾ വെള്ളപുതച്ച് വീട്ടുമുറ്റത്ത്; പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ
അലനല്ലൂർ: പോറ്റിവളർത്തിയ മക്കൾ ചേതനയറ്റ് വെള്ളപുതച്ച് വീട്ടുമുറ്റത്ത്. ദുഃഖം ഒതുക്കാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് ഉപ്പ റഷീദും ഉമ്മ അസ്മയും. അതുവരെ അടക്കിപിടിച്ച ദുഃഖം കണ്ണുനീരായി ഒഴുകി. ഇവരുടെ ഹൃദയവേദന മാറ്റാൻ ആർക്കും വാക്കുകൾ ഇല്ലായിരുന്നു. മാതാപിതാക്കളുടെ കദനഭാരം കണ്ട് ബന്ധുക്കൾ തേങ്ങിക്കരഞ്ഞു. കണ്ടുനിന്നവരുടെയെല്ലാം കണ്ണു നിറഞ്ഞു. അഞ്ച് മക്കളിൽ മൂന്നുപേരും ഒരു ദിവസം പെടുന്നനെ ജീവിതത്തിൽനിന്ന് വിട വാങ്ങി. അതും ആകസ്മികമായുണ്ടായ ദുരന്തത്തിൽ.
ഭർതൃ വീടുകളിൽനിന്ന് ഓണാവധി ആഘോഷിക്കാൻ മക്കൾ എത്തിയ സന്തോഷത്തിലായിരുന്നു റഷീദും അസ്മയും. ബിരിയാണി വെച്ച് സൽക്കരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അവർ. കുളി കഴിഞ്ഞുവന്നശേഷം ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞാണ് ബുധനാഴ്ച ഉച്ചക്ക് സഹോദരിമാരും കുട്ടികളും വീടിനടുത്ത പത്തംഗം പെരുങ്കുളത്ത് കുളിക്കാൻ പോയത്. കുട്ടികളെ കുളിപ്പിച്ചശേഷം മൂവരും കുളിക്കാനിറങ്ങി.
ഒരാൾ കുളത്തിലെ ചെളിയിൽ ആണ്ട് ആഴങ്ങളിലേക്ക് പോയതോടെ രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ടുപേരും കയങ്ങളിൽ മുങ്ങിതാണു. അധികം അകലെയല്ലാതെ ഉണ്ടായിരുന്ന പിതാവ് റഷീദിന് ദുരന്തത്തിന്റെ ഞെട്ടലിൽ നിലവിളിക്കാൻ പോലും കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.