മൂന്നുവർഷം: ജില്ലയിൽ 8558 വാഹനാപകടങ്ങൾ, 999 മരണം
text_fieldsപാലക്കാട്: ജില്ലയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗതയുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്നുവർഷത്തിൽ ജില്ലയിൽ ആകെ 8558 അപകടങ്ങളാണ് ഉണ്ടായത്. 999 മരണങ്ങളുമുണ്ടായി. ജില്ലയിലെ 32 പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് ഇത്രയും അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022ൽ 2506 അപകടങ്ങളാണ് ജില്ലയിൽ സംഭവിച്ചത്. 2023ൽ ഇത് 2961 ആയും 2024ൽ 3091 ആയും വർധിച്ചു. 2022ൽ 346 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023ൽ ഇത് 325 ആയി കുറഞ്ഞു. 2024ൽ 328 മരണങ്ങളാണുണ്ടായത്. 2025ൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യഥാക്രമം 260, 266 വാഹനാപകടങ്ങളാണ് ഉണ്ടായത്. ജനുവരിയിൽ 31 പേരും ഫെബ്രുവരിയിൽ 24 പേരും മരിച്ചു.
അപകടങ്ങളിൽ മാരകമായി പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും കുറവില്ല. 1628 പേർക്കാണ് 2022ൽ ഗുരുതര പരിക്കേറ്റത്. 2023ലും 24ലും യഥാക്രമം 1949 പേർക്കും 2091 പേർക്കും ഗുരുതരമായി പരിക്കേറ്റു. മൂന്നുവർഷത്തിൽ 5668 പേർ. 3832 പേർക്ക് നിസാര പരിക്കും സംഭവിച്ചു. ഈ വർഷം രണ്ട് മാസങ്ങളിലായി ആകെ 571 പേർക്ക് പരിക്കേറ്റു. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചത് ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. 2022, 2023 വർഷങ്ങളിൽ ഒറ്റപ്പാലത്ത് മാത്രം 462 അപകടങ്ങളാണ് ഉണ്ടായത്. 2024ൽ പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷൻ പരിധിയിൽ 256 അപകടങ്ങൾ സംഭവിച്ചപ്പോൾ ഒറ്റപ്പാലത്ത് 246 അപകടങ്ങളുണ്ടായി.
ഷോളയൂർ സ്റ്റേഷൻ പരിധിയിലാണ് ജില്ലയിൽ ഏറ്റവും കുറവ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. 2022, 2024 വർഷങ്ങളിൽ ആറ് അപകടങ്ങൾ വീതവും 2023ൽ 13 അപകടങ്ങളുമാണ് ഇവിടെ ഉണ്ടായത്. ഇത്രയും അപകടങ്ങളിലായി ആകെ ആറു മരണങ്ങളാണ് ഇവിടെ ഈ വർഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2022ൽ വടക്കഞ്ചേരി സ്റ്റേഷൻ പരിധിയിൽ 33 മരണങ്ങളും 2023ൽ ടൗൺ നോർത്ത് സ്റ്റേഷൻ പരിധിയിൽ 23 മരണങ്ങളും 2024ൽ ഒറ്റപ്പാലം, വടക്കഞ്ചേരി സ്റ്റേഷനുകളുടെ പരിധിയിൽ 24 വീതം മരണങ്ങളും റിപ്പോർട്ട് ചെയ്തു. അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കൽ, ഉറക്കച്ചടവിൽ ഡ്രൈവിങ്, ട്രാഫിക് നിയമങ്ങളുടെ ലംഘനം, സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാതിരിക്കൽ, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്.
ദിവസവും ശരാശരി ഒന്ന് എന്ന തരത്തിലാണ് നിലവിൽ അപകടങ്ങൾ വർധിക്കുന്നത്. കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ചതിനെ തുടർന്ന് ജില്ലയിൽ വ്യാപകമായി ദേശീയ-സംസ്ഥാനപാതകളിൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിശോധനകൾ നടത്തിയിരുന്നു. നിയമലംഘനങ്ങൾക്ക് നിരവധി കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.
പനയമ്പാടം റോഡ് സുരക്ഷാപ്രവൃത്തിക്ക് 1.35 കോടി രൂപ അനുവദിച്ചു -വി.കെ. ശ്രീകണ്ഠൻ എംപി
കല്ലടിക്കോട്: ദേശീയപാത 966 ൽ നിരന്തരമായി വാഹനാപകടങ്ങൾ ഉണ്ടാകുന്ന പനയമ്പാടം പ്രദേശത്തെ അപകട വളവിൽ സുരക്ഷാക്രമീകരണങ്ങൾക്കായി 1.35 കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചതായി വി.കെ. ശ്രീകണ്ഠൻ എം.പിയെ കേന്ദ്ര റോഡ് ഗതാഗത ഹൈവേ സഹമന്ത്രി അജയ് തംത രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 12ന് നടന്ന വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ അതിദാരുണമായി മരിച്ച സംഭവം റൂൾ 377 പ്രകാരം എം.പി ലോക്സഭയിൽ അവതരിപ്പിച്ച വിഷയത്തിൽ മറുപടി ആയാണ് കത്ത്. അപകട സ്ഥലത്ത് ഹാർഡ് ഷോൾഡറുകൾ, ഫുട്പാത്ത് സ്ലാബ്, ഹാൻഡ് റെയിൽ എന്നിവ ഉൾപ്പെടുന്ന കോൺക്രീറ്റ് ഡ്രെയിനുകൾ, 450 മീറ്റർ നീളത്തിൽ മീഡിയനുകൾ, എ.ഐ കാമറകൾ എന്നിവ സ്ഥാപിക്കും.
അപകട വളവ് നിവർത്താൻ വേണ്ടിവന്നാൽ റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായി ഭൂമി ഏറ്റെടുക്കും. ഇതിയി എൻജിനീയറിങ് സാധ്യത പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമാണത്തിന് ശേഷം നിലവിലുള്ള ദേശീയപാത 966 വീതി കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. റോഡിന്റെ വിസ്തൃതി വർധിപ്പിക്കാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി എം.പിയെ അറിയിച്ചു.
പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ നിരന്തരമായി നടന്ന അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിനാൽ ഈ വിഷയം വളരെ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടും എം.പി ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.