കക്കാട്ടിരിമല-വട്ടത്താണി റോഡ് പുനർനിർമാണം ഇഴയുന്നു
text_fieldsതൃത്താല: പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നാലുകോടി ചെലവിൽ നവീകരിക്കുന്ന കക്കാട്ടിരിമല-വട്ടത്താണി റോഡ് നിർമാണം വൈകുന്നു. എട്ട് മാസമായി പ്രവൃത്തികള്‍ തുടങ്ങിയിട്ട്.
വട്ടത്താണി മുതൽ കൂമ്പ്ര പാലം വരെയുള്ള റോഡിന്‍റെ ഇരുവശവും കരിങ്കൽ ഭിത്തി കെട്ടി റോഡിന് കുറുകെ 11 ഓവ് പാലങ്ങളും ഇരുവശവും കോൺക്രീറ്റ് ചാലുകളും നിർമിച്ച് റീടാറിങ് നടത്തുന്നതിനുവേണ്ടിയാണ് കരാർ നൽകിയത്.
ഇതിൽ അഞ്ച് ഓവ് പാലങ്ങളുടെ നിർമാണവും കരിങ്കൽ കെട്ടിന്‍റെ 80 ശതമാനം മല മുതൽ വട്ടത്താണി വരെയുള്ള റോഡിന്‍റെ ചില ഭാഗങ്ങളിൽ മാത്രം കോൺക്രീറ്റ് ഓവുചാലുകൾ നിർമിച്ചിട്ടുള്ളതൊഴിച്ചാൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. നിർമാണം പൂർത്തീകരിക്കുന്നതിന് കരാറുകാരന് അനുവദിച്ച സമയം തീരാൻ ഇനി നാലുമാസം മാത്രമേ ബാക്കിയുള്ളൂ.
കക്കാട്ടിരി പാറത്തോട് സെൻററിൽ സ്ഥിതി ചെയ്യുന്ന വലിയ പാലം പൊളിച്ച് മാറ്റി പുനർനിർമിക്കേണ്ടതും ഉണ്ട്. നാലോ അഞ്ചോ തൊഴിലാളികളെവെച്ചാണ് പ്രവൃത്തി. ഓവുചാലുകൾ നിർമിക്കുന്നതിനും പാലങ്ങൾ നിർമിക്കുന്നതിനുവേണ്ടിയും കുഴിയെടുത്തിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. റോഡ് പൂർണമായും തകർന്ന് കിടക്കുന്നതിനാൽ ഓട്ടോ സർവിസ് നടത്താൻ വിസമ്മതിക്കുകയാണ്.
രണ്ടുമാസം മുമ്പ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും സ്പീക്കർ എം.ബി. രാജേഷും സ്ഥലത്തെത്തി ജനങ്ങളുടെ പരാതി കേൾക്കുകയും നിർമാണം വേഗത്തിലാക്കാൻ നിർദേശിച്ചിട്ടും കാര്യമായ പുരോഗതിയില്ല. പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കാത്ത പക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.