ഗഡുക്കള്‍ മുടങ്ങി; പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാനാവാതെ ഭരണസമിതികള്‍
text_fieldsതൃത്താല: സർക്കാറും തദ്ദേശ സ്വയംഭരണ വകുപ്പും വലച്ചതോടെ പദ്ധതികൾ പ്രാവര്‍ത്തികമാക്കാനാവാതെ പഞ്ചായത്ത് ഭരണസമിതികള്‍. സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി നൽകേണ്ട തുക നാലു ഗഡുക്കളായിട്ടാണ് പഞ്ചായത്തുകൾക്ക് ലഭിക്കാറുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ നാലാം ഗഡു ലഭിച്ചിട്ടില്ല എന്നുള്ള വസ്തുത ഇരിക്കെ, 2024-25 വർഷത്തെ ഒന്നാം ഗഡു ഏപ്രിൽ മാസത്തിൽ അനുവദിച്ചു. രണ്ടാം ഗഡു ലഭിക്കേണ്ടത് ആഗസ്റ്റ് മാസത്തിലായിരുന്നെങ്കിലും ലഭ്യമായിട്ടില്ല.
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ലൈഫ് ഭവന പദ്ധതി, ഡയാലിസിസ് രോഗികൾക്ക് നൽകുന്ന സാമ്പത്തിക സഹായം, പാലിയേറ്റീവ് രോഗികൾക്ക് നൽകുന്ന സഹായങ്ങൾ, ആശുപത്രികൾക്ക് മരുന്ന് വാങ്ങൽ, കർഷകർക്കുള്ള ഉഴവുകൂലി ഉൾപ്പെടെ വിവിധ ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട അടിയന്തര ആനുകൂല്യങ്ങൾക്ക് പണം അനുവദിക്കാൻ മാർഗമില്ല. ഇതുമൂലം സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും വളരെയധികം പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്. സർക്കാറിന്റെ ശ്രദ്ധയിൽ വിവിധ രീതിയിൽ ഇക്കാര്യം ഉണർത്തിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
മൂന്നാം ഗഡു അനുവദിക്കേണ്ട ഈ കാലയളവില്‍ രണ്ടാം ഗഡു പോലും ലഭ്യമാകാത്തത് പദ്ധതി നിർവഹണത്തിൽ വളരെയധികം പ്രയാസമുണ്ടാക്കുന്നതായി ഭരണസമിതികൾ പറഞ്ഞു. അതേസമയം, പരുതൂര്‍ പഞ്ചായത്തിൽ ജൽജീവൻ പദ്ധതിക്കായി പൈപ്പിടാൻ ഏകദേശം 135 കി.മീ റോഡുകൾ പൊളിച്ചിട്ടിരിക്കുകയാണ്. ഏകദേശം 15 കോടി ഉണ്ടെങ്കിൽ മാത്രമാണ് റീ സ്റ്റോറേഷൻ പ്രവൃത്തി നടത്തി റോഡുകൾ സഞ്ചാര യോഗ്യമാക്കാനാകൂ. ഇത്രയും തുക പഞ്ചായത്ത് ഫണ്ടിലോ, പഞ്ചായത്തിന് ലഭിക്കുന്ന തനതു തുകയിൽ നിന്നോ വിനിയോഗിക്കാന്‍ കഴിയില്ല.
എന്നാല്‍, വിവിധ തലങ്ങളിൽ നിരവധി തവണ ബന്ധപെട്ടതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തിന് റീ സ്റ്റോറേഷൻ പ്രവൃത്തിക്ക് മാത്രമായി മൂന്നു കോടി ജൽ ജീവനിൽനിന്ന് അനുവദിച്ചു. അതിൽനിന്നും 18 ശതമാനം ജി.എസ്.ടി ഒഴിവാക്കിയ തുകയാണ് റോഡുകൾക്ക് വേണ്ടി വിനിയോഗിക്കാനാകുക. ബാക്കി വരുന്ന തുകക്ക് ആനുപാതികമായി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ഗതാഗതത്തിന് പ്രയാസം നേരിടുന്ന 25 റോഡുകളുടെ എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടി ജൽജീവൻ പൂർത്തീകരിച്ചുവെങ്കിലും വർക്ക് ഓർഡർ നൽകേണ്ടതില്ല എന്ന സംസ്ഥാന സർക്കാർ നിർദേശത്തെ തുടർന്ന് പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജൽ ജീവൻ ടെൻഡർ എടുത്ത കരാറുകാര്‍ക്ക് പ്രവര്‍ത്തനാനുമതി നൽകാൻ ആവശ്യപ്പെട്ട് തദ്ദേശ ഭരണ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എ സക്കറിയ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.