കരിമ്പാറ മേഖലയിൽ റോഡിൽ പുലിയിറങ്ങി
text_fieldsനെന്മാറ: കഴിഞ്ഞദിവസം രാവിലെയും രാത്രിയിലും കരിമ്പാറക്ക് സമീപമുള്ള രണ്ടിടങ്ങളിൽ പുലിയെ കണ്ടു. വെള്ളിയാഴ്ച രാവിലെ കൽച്ചാടിയിൽ ടാപ്പിങ്ങിന് പോയ പ്രദീപാണ് റബർ തോട്ടത്തിന് സമീപത്തുനിന്നും പുലി ഓടിപ്പോകുന്നത് കണ്ടത്. പുലിയെ കണ്ട പ്രദീപ് തൊട്ടടുത്ത മറ്റ് തോട്ടങ്ങളിലെ തൊഴിലാളികളെയും വിവരമറിയിച്ചു.
വൈകീട്ട് കോപ്പൻകുളമ്പ് സ്വദേശി അസുഖബാധിതനായ സിബിയെ ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴിയിൽ രാത്രി 10 ഓടെ തളിപ്പാടത്ത് റോഡരികിൽ പുലി പതുങ്ങി നിൽക്കുന്നതുകണ്ട് ഡ്രൈവർ എ. സുലൈമാനും സഹായി വി. ഉണ്ണികൃഷ്ണനും വാഹനം നിർത്തിയതോടെ റോഡിനുകുറുകെ വാഹനത്തിനു മുന്നിലൂടെ പുലി ചാടി കാട്ടിലേക്ക് പോയി. തളിപ്പാടത്ത് കഴിഞ്ഞദിവസം രാത്രി പുലിയെ കണ്ടതിന് തൊട്ടടുത്ത രണ്ടു വീടുകളിൽ നിന്നായി ഒരു മാസം മുമ്പ് ആടുകളെ പുലി പിടിച്ചിരുന്നു.
രാവിലെ പുലിയെ കണ്ട കൽച്ചാടി പ്രദേശവും വൈകിട്ട് പുലിയെ കണ്ട തളിപ്പാടം പ്രദേശവും തമ്മിൽ റോഡ് വഴി മൂന്നു കിലോമീറ്റർ ദൂരമുണ്ടെങ്കിലും ഒരു കുന്നിന്റെ ഇരുവശവുമാണ്. തളിപ്പാടം ഭാഗത്ത് മുമ്പും പുലിയുടെ സാന്നിധ്യവും ആടുകളെ പിടിച്ചു കൊണ്ടു പോയ സംഭവവും ഉണ്ടായതിനാൽ പ്രദേശത്ത് രാത്രി സഞ്ചാരം ഭയപ്പാടോടെയാണ്. കാട്ടുപന്നി, മാൻ, എന്നിവ പുലിയെയും മറ്റും പേടിച്ച് ഇടക്കിടെ റോഡിൽ വന്ന് നിൽക്കുന്നത് മേഖലയിൽ പതിവാണ്. റബ്ബർ തോട്ടങ്ങളിൽ അതിരാവിലെ പുലിയുടെ സാന്നിധ്യം കാണുന്നത് ടാപ്പിങ് തൊഴിലാളികൾക്കും ഭീഷണിയാകുന്നുണ്ട്. കുറച്ചു മാസങ്ങൾക്കുമുമ്പ് കൽച്ചാടിക്ക് അടുത്തുള്ള ചള്ളയിൽനിന്നാണ് അവശനിലയിൽ പകൽ സമയത്ത് പുലിയെ വനം വകുപ്പ് പിടികൂടിയത്.
നെന്മാറയിൽനിന്ന് കരിമ്പാറയിലേക്ക് വരുന്ന പ്രധാന പാതയോരത്താണ് കഴിഞ്ഞദിവസം പുലിയെ കണ്ട തളിപ്പാടം പ്രദേശം. വനപ്രദേശത്തിന് ചുറ്റും വൈദ്യുത വേലി വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വന്യമൃഗങ്ങൾ റോഡിൽ സ്ഥിരമായി ഇറങ്ങുന്നത് പ്രദേശവാസികൾ ഭീതിയോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.