പുലി ഭീതി; തിരുവേഗപ്പുറയിൽ വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു
text_fieldsപ്രതീകാത്മക ചിത്രം
പട്ടാമ്പി: തിരുവേഗപ്പുറയിൽ പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലങ്ങളിൽ വനം വകുപ്പ് കാമറകൾ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിലെ കൈപ്പുറം, നെടുങ്ങോട്ടൂർ പ്രദേശങ്ങളിൽ രണ്ടുപേർ പുലിയെ കണ്ടെന്ന ഉറപ്പ് പറഞ്ഞതോടെയാണ് വനംവകുപ്പും ഗ്രാമ പഞ്ചായത്തും രംഗത്തിറങ്ങിയത്.
കൈപ്പുറം മൈലാടി ആനേംകൊടി, നെടുങ്ങോട്ടൂർ പറക്കല്ല് വെള്ളാരംപാറ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച ഉച്ചയോടെ കാമറകൾ സ്ഥാപിച്ചത്. കൈപ്പുറത്തെ ഒരാളും നെടുങ്ങോട്ടൂരിലെ ഒരാളുമാണ് പുലിയെ കണ്ടത്. കൈപ്പുറത്ത് പുലിയെ കണ്ടെന്നു പറഞ്ഞതിനെ തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിൽ തെളിവുകൾ ലഭിക്കാതിരുന്നതോടെ പുലിയുടെ സാന്നിധ്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സമീപ പ്രദേശമായ നെടുങ്ങോട്ടൂരിൽ പുലിയെ വീണ്ടും കണ്ടതായി ഒരാൾ അറിയിക്കുകയും ചെയ്തതോടെയാണ് വനം വകുപ്പ് സജീവമായത്. ചൊവ്വാഴ്ച രാവിലെ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും യോഗം ചേർന്നു.
മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തിര ഇടപെടലുകൾ നടത്താൻ നിർദേശം നൽകി. പ്രദേശത്ത് വനംവകുപ്പ് ടീമിന്റെ സാന്നിധ്യം ഉറപ്പാക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. പുലിയുണ്ടെങ്കിൽ കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി വെട്ടിത്തെളിക്കാൻ യോഗം നിർദ്ദേശം നൽകി. രണ്ട് കിലോമീറ്റർ വ്യാപ്തിയിൽ കിടക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യമുണ്ടെന്ന സംശയം ഉയർന്നിട്ടുള്ളത്. മൃഗങ്ങളെ അപായപ്പെടുത്തുകയോ സംശയിക്കുന്ന കാലടി പാടുകൾ പുലിയുടേതാണെന്ന് വ്യക്തമാകുകയോ ചെയ്തിട്ടില്ല. എങ്കിലും ജനങ്ങളുടെ ആശങ്ക ഗൗരവമായി കാണുന്നുവെന്ന് എക്സൈസ് റേഞ്ച് ഓഫിസർ ടി.ടി. ബിനീഷ് കുമാർ യോഗത്തിൽ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ. അസീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. റഷീദ്, വനം വകുപ്പ് സെക്ഷൻ ഓഫിസർ പി. സജയകുമാർ, ഫോറസ്റ്റ് ബീറ്റ് ഓഫിസർ എസ്. വിനോദ് കുമാർ, എ.ടി. അയ്യൂബ്, റസ്ക്യൂ വാച്ചർമാരായ എം. രേവതി, പി.പി. രാജേഷ്, കെ.പി. സുധീഷ്, പട്ടാമ്പി പൊലീസ് സബ് ഇൻസ്പെക്ടർ കെ. അനന്തകൃഷ്ണൻ, എസ്.സി.പി.ഒ കെ.പി. ജയരാജ്, തഹസിൽദാർ വി.പി. സെയ്തുമുഹമ്മദ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.