ചീരണിയിൽ പുലി; തിരച്ചിൽ തുടരുന്നു
text_fieldsകൊല്ലങ്കോട്: ചീരണിയിൽ പുലിയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ തുടരുന്നു. കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദിന്റെ നേതൃത്വത്തിൽ 40 അംഗസംഘമാണ് ചീരണിപ്പുറ കുന്നിൽ തിരച്ചിൽ നടത്തിയത്. മൂന്നാം തവണയും പ്രദേശത്ത് കാമറ മാറ്റി സ്ഥാപിച്ചു.
പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് തിരച്ചിലിന് കൂടുതൽ അംഗങ്ങൾ എത്തിയത്. കുന്നിനു മുകളിൽ നിരവധി നായ്ക്കളുടെ ജഡങ്ങൾ പുലി കൊണ്ടിട്ടതായി കണ്ടെത്തി. പന്നികളുടെ ശരീരഭാഗങ്ങളും ഉണ്ടായിരുന്നു. ഒരു മാസത്തിലധികം പഴക്കമുള്ള മൃഗങ്ങളുടെ ശരീര ഭാഗങ്ങളും ഇവയിലുണ്ട്. പറത്തോട്, പുത്തൻപാടം, തോട്ടം, പൂളപ്പറമ്പ്, കാളികുളമ്പ്, വിരുത്തി, മന്നാംപള്ളം, കൊട്ട കുറുശി, മരുതി പാറ, അടിവാരം തുടങ്ങിയ പ്രദേശങ്ങളിൽ കോളനികൾ ഉൾപ്പെടെ പത്തിലധികം ജനവാസ മേഖലകൾ കടന്നാണ് ചീരണിപുറ കുന്നിൽ പുലി സ്ഥിരവാസമാക്കിയിട്ടുള്ളത്.
കുന്നിന് ചുറ്റുമുള്ള കാളികുളമ്പ്, മണ്ണുമട, ചീരണി തുടങ്ങിയ ജനവാസ മേഖലകളിൽ ആയിരത്തിലധികം കുടുംബങ്ങളാണ് വസിക്കുന്നത്. വേട്ടയാടിയ മൃഗങ്ങളെ കുന്നിന് മുകളിലെത്തിച്ചാണ് ഭക്ഷിക്കുന്നതെന്ന് കരുതുന്നു. പുലിയുടെ സാന്നിധ്യം മൂലം വളർത്തുനായ്ക്കളുടെയും തെരുവ് നായ്ക്കളുടെയും എണ്ണം കുറഞ്ഞതായി നാട്ടുകാർ പറയുന്നു. ജനവാസ മേഖല കൂടുതലുള്ള പ്രദേശത്തിന്റെ മധ്യഭാഗത്ത് കുന്നിൽ വസിക്കുന്ന പുലിയെ കൂട് സ്ഥാപിച്ച് പിടികൂടിയില്ലെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ചീരണിയിൽ പുലിയുടെ സാന്നിധ്യം ഉണ്ടായ പ്രദേശത്ത് വനംവകുപ്പിന്റെ നിരന്തര ജാഗ്രത ഉണ്ടെന്ന് സ്ഥലം സന്ദർശിച്ച കെ. ബാബു എം.എൽ.എ പറഞ്ഞു. കൊശവൻകോട്, ചീരണി പ്രദേശങ്ങളിൽ പുലിക്കായി വനംവകുപ്പ് തിരച്ചിലിനിടെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാൽ തുടങ്ങിയവർ ചീരണി പ്രദേശത്തെത്തിയ വനംവകുപ്പ് അധികൃതരുമായി ചർച്ച നടത്തി.
കൊല്ലങ്കോട്: പഞ്ചായത്തിലെ നെന്മേനി, പയ്യലൂർ, കാളികൊളുമ്പ്, ചീരണി, കൊട്ടകുറിശ്ശി, ചേകോൽ പ്രദേശങ്ങളിൽ ജനജീവിതത്തിന് ഭീഷണിയാവുന്ന പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പുലിയെ പിടികൂടി സുരക്ഷ ഉറപ്പാക്കാൻ ഭരണാധികാരികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തയാറാകണമെന്ന് ബി.ജെ.പി കൊല്ലങ്കോട് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി കൊല്ലങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി. കണ്ണൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല കമ്മിറ്റി അംഗം എൻ. ബാബു, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ആർ. മനോഹരൻ, എൻ. ദിവാകരൻ, ടി.എൻ. രമേഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബി. ഉദയൻ, നേതാക്കളായ കെ. രാമദാസ്, എം. ജിഷ്ണു, പി.കെ. ജയൻ, സി. വിനോദ് കുമാർ, എസ്. ദേവദാസൻ, മുരുകേശൻ, സുനിൽ, സെന്തിൽ, ബിന്ദു സേതുമാധവൻ, ചന്ദ്രിക ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.