മലമ്പുഴയില്‍ പുലികളിറങ്ങി; ആടുകളെ കൊന്നു
text_fieldsപാലക്കാട്: മലമ്പുഴ ഡാമിന് പിറക് വശത്ത് ജനവാസമേഖലയിലിറങ്ങിയ പുലികൾ രണ്ട് ആടുകളെ കൊന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ കവ അയ്യപ്പന്പറ്റയിലിറങ്ങിയ രണ്ടുപുലികൾ മേട്ടുച്ചാളം കോളനിയില്‍ രാജന്റെ ആടുകളെ പിടികൂടുകയായിരുന്നു. ശബ്ദം കേട്ട് ഒച്ചവെച്ചതോടെ പുലികള്‍ ഓടിമറഞ്ഞുവെന്ന് വീട്ടുകാർ പറഞ്ഞു. ഇതേ ദിവസം തന്നെ സമീപത്തുള്ള ഷാജിയുടെ ആടിനെയും റോഡില്‍വെച്ച് പുലി രാവിലെ കൊന്നിരുന്നു. പുലി ശല്യമുള്ളതിനാല്‍ കൂട്ടില്‍ മതിയായ സുരക്ഷസംവിധാനം ഉണ്ടായിരുന്നെങ്കിലും ആടുകള്‍ കൂട്ടിലേക്ക് കയറുന്നതിനിടെ പുലികള്‍ പതുങ്ങിയിരുന്ന് ആക്രമിക്കുകയായിരുന്നു.
കോളനിക്ക് മുകളില്‍ വനപ്രദേശമാണ്. രാജന് ആടുകളെ അഴിച്ചുവിട്ടാണ് വളര്‍ത്തുന്നത്. വൈകീട്ട് ഇവ തനിയെ തിരിച്ചെത്തും. പ്രദേശത്ത് നായ്ക്കളെ കാണാതാവുന്നതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇരുട്ടും മുമ്പ് പുലികള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന സംഭവം ആദ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
കാമറകൾ സജ്ജീകരിക്കും -വനംവകുപ്പ്
അയ്യപ്പന്പറ്റയില് പുലിയിറങ്ങിയെന്ന് പറയപ്പെടുന്ന പ്രദേശങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. നാല് സ്ഥലങ്ങളിലാണ് കാമറ സ്ഥാപിക്കുക. ഇതിന് പുറമെ രാത്രിയില്‍ ആര്.ആര്.ടിയുടെ നേതൃത്വത്തില്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി. നേരത്തെ തന്നെ പുലിയുടെ സാന്നിധ്യമുള്ള പ്രദേശമാണെങ്കിലും ഉറപ്പ് വരുത്തിയതിന് ശേഷമെ മറ്റു നടപടികളിലേക്ക് കടക്കാനാവൂ എന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.