തിളച്ചുമറിഞ്ഞ് പാലക്കാടൻ പോര്
text_fieldsകത്തിയാളുന്ന വേനൽ ചൂടിൽ തിളച്ചുമറിയുകയാണ് പാലക്കാടൻ രാഷ്ട്രീയം. അത്യുഷ്ണത്തെ വെല്ലുന്ന ഹൈവോൾേട്ടജ് പ്രചാരണത്തിൽനിന്ന് പോരാട്ടത്തിെൻറ വീറും വാശിയും വ്യക്തം. ഇടത് കോയ്മ തകർക്കാൻ കളമറിഞ്ഞ് നീങ്ങുന്ന യു.ഡി.എഫ്, ത്രികോണേപ്പാരിൽ വിജയ സാധ്യത തേടുന്ന എൻ.ഡി.എ, പഴുതടച്ചു നീങ്ങുന്ന ഇടതുപക്ഷം- ഇതാണ് കരിമ്പനകളുടെ നാട്ടിെല പോരാട്ടക്കാഴ്ച.
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽനിന്ന് മിന്നും ജയത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് നടത്തിയ ഇടതുപക്ഷം നിയമസഭയിലും മികച്ച വിജയം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ജില്ലയിലെ 12 മണ്ഡലങ്ങളിൽ ഒമ്പതിടത്ത് ഇടതും മൂന്നിടത്ത് യു.ഡി.എഫും ആണ് വിജയിച്ചത്. ബി.ജെ.പി രണ്ടാംസ്ഥാനത്ത് വന്ന പാലക്കാട് മണ്ഡലത്തിൽ എൽ.ഡി.എഫ് മൂന്നാമതായപ്പോൾ, മലമ്പുഴയിൽ യു.ഡി.എഫ് ആണ് മൂന്നാംസ്ഥാനത്തായത്. ഇത്തവണ യു.ഡി.എഫ് സ്ഥാനാർഥിനിരയിൽ കൂടുതലും യുവാക്കളും പുതുമുഖങ്ങളുമാണ്. അതുകൊണ്ട് എതിരാളികളെ എഴുതിതള്ളാതെ കരുതലോടെയാണ് ഇടതു പ്രചാരണം.
ആദ്യം കളത്തിലിറങ്ങി ഇടതുപക്ഷം; പാളയത്തിലെ പടയെ മെരുക്കി യു.ഡി.എഫ്
മന്ത്രി എ.കെ. ബാലെൻറ ഭാര്യയുടെ നാമനിർദേശത്തെ ചൊല്ലി ഉയർന്ന വിവാദം നിറം കെടുത്തിയെങ്കിലും സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയത് എൽ.ഡി.എഫിന് ഗുണം ചെയ്തു. വിമത ഭീഷണി ഉയർത്തിയ മുൻ ഡി.സി.സി അധ്യക്ഷൻ എ.വി. ഗോപിനാഥിനെ മെരുക്കി പാളയത്തിൽ ഉറപ്പിക്കാൻ കഴിഞ്ഞത് യു.ഡി.എഫിനും നേട്ടമായി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട്ട് ഇ. ശ്രീധരനിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കാനുള്ള സാധ്യത തെളിഞ്ഞുവന്നിട്ടില്ല. കാൽകഴുകൽ വിവാദമടക്കം ഉയർന്നുവന്നത് തിരിച്ചടിക്കാനാണ് സാധ്യത. പാർട്ടിക്ക് പുറത്ത് ശ്രീധരന് ലഭിക്കുന്ന ജനസമ്മതി വോട്ടാകുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ടെങ്കിലും യു.ഡി.എഫും എൽ.ഡി.എഫും മറുതന്ത്രങ്ങൾ പയറ്റുന്നുണ്ട്.
മലമ്പുഴയിലും തൃത്താലയിലും വീറുറ്റ പോര്
ബി.ജെ.പി നിർണായകമായ മലമ്പുഴയിലും വീറുറ്റ പേരാട്ടമാണ്. വി.എസ്. അച്യുതാനന്ദൻ കളമൊഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് ആധിപത്യം അതേപോലെ നിലനിർത്താൻ സി.പി.എം കിണഞ്ഞുശ്രമിക്കുേമ്പാൾ ഇടതു, വലതു വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ സകല അടവുകളും പയറ്റുകയാണ് കാവിപ്പട. ബി.ജെ.പിയെ തടഞ്ഞ്, സ്വാധീനം തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടത്തിലാണ് യു.ഡി.എഫ്.
തൃത്താലയിൽ യു.ഡി.എഫിലെ വി.ടി. ബൽറാമും എൽ.ഡി.എഫിലെ മുൻ എം.പി എം.ബി. രാജേഷും വാശിയേറിയ പോരിലാണ്. 2011ൽ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ രാജേഷിനെ നിയോഗിച്ചതിലൂടെ വിജയം മാത്രമാണ് സി.പി.എം ലക്ഷ്യം. ഇടതുചായ്വുള്ള മണ്ഡലമാണെങ്കിലും വി.ടി. ബൽറാമിെൻറ വ്യക്തിപ്രഭാവത്തെ മറികടക്കുകയെന്ന വെല്ലുവിളിയാണ് രാജേഷിന് മുന്നിലുള്ളത്.
മണ്ണാർക്കാട്ട് യു.ഡി.എഫിന് അനായാസമല്ല കാര്യങ്ങൾ
ഇൗസി വാക്കോവറിൽനിന്ന് യു.ഡി.എഫ് കടുത്ത മത്സരത്തിലേക്ക് നീങ്ങിയതാണ് മണ്ണാർക്കാെട്ട കാഴ്ച. സി.പി.െഎ സ്ഥാനാർഥി കെ.പി. സുരേഷ് രാജിന് സി.പി.എം പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. യു.ഡി.എഫ് സ്ഥാനാർഥി എൻ. ഷംസുദ്ദീന് കഴിഞ്ഞ തവണ ഇല്ലാത്ത വെല്ലുവിളികൾ മുന്നിലുണ്ട്. അട്ടപ്പാടിയിലെ കർഷകരുടെ പ്രതിനിധിയായി ജെയിംസ് സ്ഥാനാർഥിയായതാണ് ഇതിൽ പ്രധാനം. കല്ലാങ്കുഴി ഇരട്ടക്കൊലയുടെ പേരിൽ സുന്നി എ.പി വിഭാഗം നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണം എന്താകുമെന്നും യു.ഡി.എഫ് ഉറ്റുനോക്കുന്നു.
മുന്നണിയിലെ തർക്കവും സ്ഥാനാർഥി നിർണയം വൈകിയതും പട്ടാമ്പിയിൽ യു.ഡി.എഫിന് ദോഷം ചെയ്തെങ്കിലും യൂത്ത് േകാൺഗ്രസ് നേതാവ് റിയാസ് മുക്കോളിയുടെ വരവോടെ പ്രചാരണ രംഗം ഉഷാറായി. ലീഗിലും കോൺഗ്രസിലുമുള്ള അസംതൃപ്തരെ കളത്തിലിറക്കാനായതും യു.ഡി.എഫിന് ആശ്വാസം പകരുന്നു. എങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ പ്രചാരണത്തിൽ മുന്നിലാണ്.
കോങ്ങാട് ഇരുമുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം; നെന്മാറയിൽ പോര് കനത്തു
കോങ്ങാട് മണ്ഡലം ലീഗിന് നൽകിയത് കോൺഗ്രസ് പ്രവർത്തകർക്ക് ഉണ്ടാക്കിയ നീരസം മറികടന്ന് യു.ഡി.എഫ് പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ്. ലീഗിലെ യു.സി. രാമനെതിരെ മത്സരിക്കുന്നത് സി.പി.എമ്മിലെ അഡ്വ. കെ. ശാന്തകുമാരി.
ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ ശക്തമായ പോരാട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സുമേഷ് അച്യുതൻ. പിതാവും മുൻ എം.എൽ.എയുമായ കെ. അച്യുതെൻറ പിൻബലത്തിലാണ് സുമേഷിെൻറ പോര്. നെന്മാറയിൽ സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ കെ. ബാബുവിനെതിരെ സി.എം.പി നേതാവ് സി.എൻ. വിജയകൃഷ്ണൻ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. മണ്ഡലത്തിന് ഇടത് ചായ്വ് ഉെണ്ടങ്കിലും പ്രമുഖ സഹകാരിയായ വിജയകൃഷ്ണനിലൂടെ യു.ഡി.എഫിന് നെന്മാറയിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ചുവപ്പുകോട്ടയായ ആലത്തൂരിൽ സിറ്റിങ് എം.എൽ.എ കെ.ഡി. പ്രസേന്നനെതിരെ യു.ഡി.എഫിലെ പാളയം പ്രദീപ് ശക്തമായ പ്രചാരണത്തിലാണ്.
യുവാക്കളിൽ ഒറ്റപ്പാലം ആരു കടക്കും
യൂത്ത് കോൺഗ്രസ് നേതാവ് ഡോ. പി. സരിനും ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പ്രേംകുമാറും ഏറ്റുമുട്ടുന്ന ഒറ്റപ്പാലത്തും കനത്ത മത്സരം. യുവ സ്ഥാനാർഥികളുടെ സാന്നിധ്യം എല്ലായിടത്തും പ്രകടം. തരൂരിൽ ഡി.വൈ.എഫ്.െഎ ജില്ല അധ്യക്ഷൻ പി.പി. സുമോദിനെതിരെ മഹിള കോൺഗ്രസ് നേതാവ് കെ.എ. ഷീബയാണ് ഗോദയിൽ.
മലമ്പുഴയും പാലക്കാടും ഒഴിച്ചുള്ള 10 മണ്ഡലങ്ങളിൽ വോട്ടുബലം വർധിപ്പിക്കുകയെന്ന ലക്ഷ്യമേ എൻ.ഡി.എക്കുള്ളൂ. കഴിഞ്ഞ തവണ രണ്ടിടത്ത് മത്സരിച്ച ബി.ഡി.ജെ.എസിന് ഇത്തവണ നെന്മാറ മാത്രമാണ് നൽകിയത്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച മണ്ണാർക്കാട് ഇത്തവണ എൻ.ഡി.എ സഖ്യകക്ഷിയായ എ.െഎ.എ.ഡി.എം.കെക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.