വീണ്ടും വിലയുയർന്ന് തക്കാളി
text_fieldsപാലക്കാട്: ഒരിടവേളക്കുശേഷം തക്കാളി വില വീണ്ടും കുതിക്കുന്നു. രണ്ടാഴ്ചക്കിടെ 30 രൂപയോളം വില വർധിച്ചതോടെ പലയിടങ്ങളിലും തക്കാളി കിട്ടാനുമില്ല. ഒന്നരമാസം മുമ്പ് 16 രൂപക്കുതാഴെ ചില്ലറ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ മൊത്തവ്യാപാര വില 50 രൂപ കടന്നു. ഒരുമാസം മുമ്പ് 27 കിലോയുടെ ഒരു പെട്ടി തക്കാളിക്ക് 300-350 രൂപയായിരുന്നു മൊത്തവില. ഇത് കഴിഞ്ഞദിവസം 1460 രൂപയായാണ് ഉയർന്നത്. ഒരുമാസം മുമ്പ് 13-16 രൂപ വരെയായിരുന്നു ചില്ലറ വില. ഇപ്പോഴത് 65 രൂപക്കും മുകളിലാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.
മൈസൂരുവിൽ നിന്നാണ് പ്രധാനമായും തക്കാളി കൊണ്ടുവരുന്നത്. വേനൽമഴ കൃഷിയെ ബാധിച്ചതാണ് തക്കാളിയുടെ ലഭ്യതക്കുറവിന് കാരണം. തമിഴ്‌നാട്ടിൽനിന്നാണ് വലിപ്പം കുറഞ്ഞതും പുളി കൂടിയതുമായ തക്കാളി ഇറക്കുമതി ചെയ്യുന്നത്. കടുത്ത ചൂടിനെ തുടർന്ന് തമിഴ്‌നാട്ടിൽനിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു. നാടൻ തക്കാളിയും ലഭിക്കാനില്ല. തക്കാളിയെ കൂടാതെ മറ്റ് പച്ചക്കറികളുടെ വിലയും ഇരട്ടിയായിട്ടുണ്ട്. രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടിരുന്ന പല പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ തിരക്കൊഴിഞ്ഞ നിലയിലാണ്.
തമിഴ്‌നാട്ടിൽ കനത്ത വെയിലും കർണാടകയിൽ വേനൽ മഴയിലും വലിയതോതിൽ കൃഷിനാശം സംഭവിച്ചതാണ് തിരിച്ചടിയായതെന്ന് വ്യാപാരികൾ പറയുന്നു. ഇന്ധന വില കുതിച്ചതോടെ ചരക്കുനീക്കത്തിന് ചെലവ് കൂടിയതും തക്കാളിവില ഉയരാൻ കാരണമായി. വരുംദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. കല്യാണ സീസണായതിനാൽ തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്.
കഴിഞ്ഞ ഡിസംബറിൽ തക്കാളി 125 രൂപയുടെ റെക്കോഡിട്ടിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെട്ട് ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് തക്കാളി എത്തിച്ചാണ് വില നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.