കെ.എസ്.ഇ.ബി വെട്ടിയിട്ട മരച്ചില്ലകൾ റോഡരികിൽ; യാത്രക്കാർക്ക് ദുരിതം
text_fieldsപാലക്കാട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വൈദ്യുതി ബോർഡ് അധികൃതർ മരങ്ങൾ മുറിച്ചിടുന്നത് വഴിയാത്രക്കാർക്ക് ദുരിതമാകുന്നു.
മുറിച്ചു മാറ്റിയശേഷം കരാറുകാരൻ തന്നെ എടുത്തുമാറ്റുന്ന രീതിയിലാണ് കെ.എസ്.ഇ.ബിയുടെ മരം മുറിക്കുന്നതിന് ചുമതല നൽകി വരുന്നത്. എന്നാൽ മരം മുറിച്ചു കഴിഞ്ഞാൽ നാളുകൾ കഴിഞ്ഞാലും ഇവിടുന്ന് മാറ്റുന്ന പതിവില്ല.
സ്വകാര്യ വ്യക്തികളുടെ പറമ്പ്, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പിന്റെ സ്ഥലങ്ങൾ എന്നിവയിൽ ഉൾപ്പെടെയുള്ള മരങ്ങളാണ് പൊതുജനങ്ങൾക്കായി നഗരസഭ നിർമിച്ച നടപ്പാത ഉൾപ്പെടെ സ്ഥലങ്ങളിൽ വെട്ടി കൂട്ടിയിട്ടിരിക്കുന്നത്.
വൈദ്യുതി ബോർഡിന് പുറമേ പൊതുമരാമത്ത് വകുപ്പും പാതയോരങ്ങളിൽ മരങ്ങൾ വെട്ടിക്കൂട്ടിയിട്ടിട്ടുണ്ട്. മലമ്പുഴ നൂറടി റോഡിന്റെ ഇരു വശങ്ങളിലും ഇത്തരത്തിൽ മുറിച്ചിട്ട മരങ്ങളുടെ അവശിഷ്ടങ്ങളാണ്. പുലർകാലത്ത് നടക്കാൻ വരുന്ന ജനങ്ങൾക്ക് ഇത് ഭീഷണിയായിട്ടുണ്ട്.
വിഷയങ്ങൾ ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ നിരവധി തവണ കെ.എസ്.ഇ.ബിയുടെ വിവിധ ഡിവിഷനുകൾക്കും, വൈദ്യുതി ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥർക്കും കത്ത് നൽകിയിരുന്നു.
നടപടി ആവാത്തതിന് തുടർന്ന് ജില്ല കലക്ടർ ഇടപെട്ട് വകുപ്പുകളുടെ യോഗം വിളിച്ചുചേർത്ത് മാർഗ്ഗനിർദേശങ്ങൾ നൽകിയിരുന്നു. അതും കെ.എസ്.ഇബി പാലിക്കുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നഗരസഭ കഴിഞ്ഞ ദിവസവും ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ പ്രമീള ശശിധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.