സ്റ്റേഡിയം-ഐ.എം.എ ബൈപാസിൽ വാഹനയാത്രികർക്ക് ഭീഷണിയായി മരങ്ങൾ
text_fieldsപാലക്കാട്: നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം-ഐ.എം.എ ബൈപാസ് വാഹനയാത്രികർക്ക് ഭീഷണിയായി റോഡരികിലെ മരങ്ങൾ. ഐ.എം.എ ജങ്ഷൻ മുതൽ സ്റ്റേഡിയം സ്റ്റാൻഡ് വരെ ഭാഗത്ത് നിരവധി മരങ്ങളാണ് റോഡരികിലേക്ക് കൊമ്പുകൾ ചാഞ്ഞുനിൽക്കുന്നത്. മിക്ക മരക്കൊമ്പുകളും ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. വാലിപ്പറമ്പ് ജങ്ഷൻ മുതൽ സ്റ്റേഡിയം സ്റ്റാൻഡ് വരെ റോഡിൽ നിരവധി മരങ്ങളുണ്ട്. കൊമ്പുകൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നതിനാൽ ഉയരം കൂടിയ വാഹനങ്ങളിൽ തട്ടുന്ന സ്ഥിതിയാണ്.
മാസങ്ങൾക്കുമുമ്പ് ഐ.എം.എ ജങ്ഷനും വാലിപ്പറമ്പ് ജങ്ഷനുമിടയിലുള്ള റോഡിൽ ഇത്തരത്തിൽ അപകട രീതിയിലായ മരം ഫയർ ഫോഴ്സ് അനധികൃതരെത്തി മുറിച്ചുമാറ്റിയിരുന്നു. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും മരം മുറിച്ച അവശിഷ്ടങ്ങൾ മാറ്റാത്തത് യാത്രികർക്കും വ്യാപാരികൾക്കും ദുരിതമാകുന്നുണ്ട്. മാത്രമല്ല മരങ്ങളിൽനിന്ന് കൊഴിയുന്ന ഇലകൾ റോഡിൽ പരന്നു കിടക്കുന്നതും കാൽനടയാത്രികർക്കും വാഹനയാത്രികർക്കും ദുരിതമാകുന്നുണ്ട്. പാതയോരങ്ങളിൽ അപകട ഭീഷണിയുള്ള കാലപ്പഴക്കമുള്ള മരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ മുറിക്കണമെന്ന് ചട്ടമുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. കെ.എസ്.ഇ.ബി ലൈനുകളിൽ തടസ്സമാകുന്ന മരക്കൊമ്പുകൾ മുറിക്കുമെങ്കിലും മിക്കയിടത്തും റോഡരികിൽ മരങ്ങളും മരക്കൊമ്പുകളും അപകട ഭീഷണിയായി നിൽക്കുന്നുണ്ട്. മരം വീണ് വാഹനങ്ങൾക്ക് കേടുപറ്റിയ സംഭവങ്ങൾ നിരവധിയാണ്. ഇത്തരത്തിൽ വാഹന-കാൽനടയാത്രികർക്ക് ഭീഷണിയാകുന്ന റോഡിരികിലെ മരങ്ങൾ മുറിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.