അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് അറുതി വരുമോ ?
text_fieldsഅട്ടപ്പാടി: ആദിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും ശിശുമരണങ്ങൾ ഉൾപ്പെടെ തടയാനാവുന്നില്ല. ഒരു മാസം മുമ്പ് സംഭവിച്ച പുതൂർ പഞ്ചായത്തിലെ കുറുക്കത്തിക്കല്ല് ഊരിലെ പാർവതി-ധനുഷ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണമാണ് ഔദ്യോഗികമായി അവസാനത്തേത്.
2013 മുതൽ 134 ശിശുമരണകളാണ് അട്ടപ്പാടിയിൽ ഉണ്ടായത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ അരിവാൾ രോഗമാണ് (സിക്കിൾസെൽ അനീമിയ) ശിശുമരണങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. ഇതിനായി സംഘടിപ്പിച്ച ക്യാമ്പിൽ പങ്കെടുത്ത 591 പേരിൽ 106 പേർക്കും അരിവാൾ രോഗം സ്ഥിരീകരിച്ചിരുന്നു. ക്യാമ്പുകൾ മുറപോലെ നടക്കാറുണ്ടെങ്കിലും അസുഖത്തിന് മാറ്റമൊന്നും ഉണ്ടാകുന്നില്ല. ആദിവാസി വിഭാഗങ്ങൾക്കിടയിലുള്ള മദ്യം, പുകയില എന്നിവയുടെ വ്യാപക ഉപയോഗം നിയന്ത്രിക്കാൻ കഴിയേണ്ടതുണ്ട്. കൂടാതെ രക്തസമ്മർദം, ശ്വാസതടസ്സം എന്നീ രോഗങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്.
അട്ടപ്പാടിയുടെ ആരോഗ്യപ്രശ്നം
ഗര്‍ഭിണികളിലെ വിളര്‍ച്ചയും പോഷകാഹാരക്കുറവുമാണ് ശിശുമരണങ്ങള്‍ക്ക് പ്രധാന കാരണമെന്ന് 2013ല്‍ യുനിസെഫ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചികിത്സ സൗകര്യങ്ങളുടെയും പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെയും കുറവും ഗതാഗത സൗകര്യങ്ങളുടെ അഭാവവും ശിശുമരണങ്ങളുടെ കാരണങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. ശിശുമരണം, അബോര്ഷന്, വീട്ടിലെ പ്രസവം, ഗര്‍ഭസ്ഥ ശിശുമരണം എന്നിവ കുറക്കാനായെന്നാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ ചൂണ്ടിക്കാട്ടി അവകാശപ്പെടുന്നത്. ഇപ്പോൾ അട്ടപ്പാടിയില്‍ 247 ഗര്‍ഭിണികളുണ്ട്. അതില്‍ 150 പേര് പോഷകാഹാരക്കുറവുള്ളവരാണ്. 20 വയസ്സിനുള്ളിലാണ് മിക്ക സ്ത്രീകളുടെയും ആദ്യ പ്രസവം.
ഗർഭിണികളെ ആഴ്ചയിൽ അഞ്ചുദിവസം ആരോഗ്യ പ്രവർത്തകർ വീട്ടിൽ എത്തി പരിശോധിക്കാറുണ്ടെന്നും എന്നാൽ, ചില പ്രദേശങ്ങളിൽ ഗതാഗത സൗകര്യങ്ങളുടെ അഭാവമൂലം സാധിക്കാറില്ല. 35 കിലോയില്‍ താഴെയുള്ള ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രത്യേക ഭക്ഷണം നല്‍കുന്നുണ്ടെന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ഡോക്ടര്‍ പത്മനാഭൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.