അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സർക്കാർ ഗൗരവമായ അന്വേഷണം നടത്തണം -കെ.ഇ. ഇസ്മയിൽ
text_fieldsപാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തിൽ സർക്കാർ ഗൗരവമായ അന്വേഷണം നടത്തണമെന്ന് മുൻമന്ത്രി കെ.ഇ. ഇസ്മയിൽ. അട്ടപ്പാടിയിലെ ആദിവാസികൾ കടുത്ത ചൂഷണമാണ് നേരിടുന്നതെന്നും ആദിവാസികളുടെ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നവരെ വിടരുത്. എല്ലാ പാർട്ടികളിലും ഇത്തരം ആളുകൾ ഉണ്ടാകും. അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കുന്നതിന് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയോഗിച്ചു ഭൂമി കൈയറ്റത്തിന് അറുതി വരുത്തണം. 2006 മുതൽ വ്യാപകമായി വ്യാജരേഖകൾ നിർമിച്ചു ആദിവാസി ഭൂമി കൈയേറി തുടങ്ങിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സർക്കാർ ശരിയായ തലത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തി ഭൂമി കൈയറ്റത്തിൽ പങ്കുള്ള രാഷ്ട്രീയക്കാർ ആരായാലും അവർക്കെതിരെ നടപടിയെടുക്കണം.
ആദിവാസികൾ പറയുന്നത് പ്രകാരം ഡിജിറ്റൽ സർവേ നടത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്നാണ്. ഇക്കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണം. ആദിവാസി ഭൂമിക്ക് സെറ്റിൽമെൻറ് രേഖ ഉണ്ടാക്കിക്കൊടുക്കാതെ ഡിജിറ്റൽ സർവേ നടത്തിയാൽ സർവേ കഴിയുമ്പോൾ ഭൂമി അവർക്ക് നഷ്ടപ്പെടും. അട്ടപ്പാടിയിലെ പ്രധാന പാർട്ടി സി.പി.ഐയാണ്. അത് എല്ലാവർക്കും അറിയാം. പണ്ട് കൊങ്ങശേരി കൃഷ്ണനോടൊപ്പം താനും കൂടിപോയാണ് അട്ടപ്പാടിയിൽ പാർട്ടിയുണ്ടാക്കിയത്. റവന്യൂ മന്ത്രി ശക്തമായ അന്വേഷണം നടത്തണം. വ്യാജ രേഖ ഉണ്ടാക്കിയവർക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി കൊടുക്കാൻ അല്ല ഡിജിറ്റൽ സർവേ നടത്തേണ്ടത്.
ഇക്കാര്യത്തിൽ ആദിവാസികളുടെ പരാതികൾ ഗൗരവപൂർവം പരിശോധിക്കണം. ആദിവാസികൾ ഇപ്പോൾ നീതി തേടി ഹൈകോടതിയിൽ എത്തി എന്നാണ് മാധ്യമങ്ങൾ വഴി അറിഞ്ഞത്. ഇക്കാര്യത്തിൽ ആദിവാസികൾക്ക് ഒപ്പമാണ് താനെന്നും കെ.ഇ. ഇസ്മയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.