‘നിലവിളി’ ശബ്ദം ഉയരാതെ; ആംബുലൻസിനായി ആദിവാസികളുടെ നിലവിളി
text_fieldsപറമ്പിക്കുളം: അനുവദിച്ച ആംബുലൻസ് തേക്കടിയിൽ എത്തിക്കണമെന്ന് ആദിവാസികൾ. 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വാങ്ങിയ ആംബുലൻസ് പ്രവർത്തിക്കാതെ മുതലമട പഞ്ചായത്തിൽ കട്ടപ്പുറത്ത് കിടക്കുകയാണ്. നവംബർ 22നാണ് മന്ത്രി രാധാകൃഷ്ണൻ ആംബുലൻസിന്റെ താക്കോൽ ദാനം പറമ്പിക്കുളം ചുങ്കത്ത് നിർവഹിച്ചത്. കെ. ബാബു എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15, 64,729 രൂപ വിനിയോഗിച്ച് വാങ്ങിയ ആംബുലൻസ് പ്രവർത്തിപ്പിക്കാൻ വനം വകുപ്പിന് കൈമാറുന്നതിലെ സാങ്കേതിക പ്രശ്നമാണ് തടസ്സമെന്ന് പഞ്ചായത്ത് പറയുന്നു. എന്നാൽ, പഞ്ചായത്താണ് നടപ്പാക്കേണ്ടതെന്ന നിലപാടിലാണ് വനം വകുപ്പും.
തേക്കടി, അല്ലിമൂപ്പൻ, മുപ്പത് ഏക്കർ, കച്ചിതോട്, ഒറവൻപാടി എന്നീ കോളനികൾക്കായാണ് ആംബുലൻസ് നൽകിയത്. ഉദ്യോഗസ്ഥ തലത്തിലെ നടപടി വേഗത്തിലാക്കാത്തത് ആദിവാസികളെ ദുരിതത്തിലാക്കുന്നു. പറമ്പിക്കുളം തേക്കടിയിൽ നിലവിൽ സ്വകാര്യ ആംബുലൻസുകൾ കാമ്പ്രത്ത് ചള്ളയിൽനിന്നുമാണ് എത്തുന്നത്. പ്രതിമാസം 60,000- 95,000 രൂപയിലധികം വാടകക്ക് സ്വകാര്യ ആംബുലൻസുകൾ ഓടുമ്പോൾ എം.എൽ.എ അനുവദിച്ച വാഹനം ഓടാത്തത് ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയാണെന്ന് ആദിവാസികൾ ആരോപിച്ചു.
നിരന്തരമായ ഇടപെടലുകൾക്ക് ശേഷം ലഭിച്ച ആംബുലൻസ് പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്നാണ് ഊരു മൂപ്പൻമാരുടെ ആവശ്യം. ആംബുലൻസ് പ്രവർത്തിപ്പിക്കാൻ പഞ്ചായത്താണ് തയാറാവേണ്ടതെന്നും വനം വകുപ്പ് വാഹനത്തിന് സംരക്ഷണം നൽകാമെന്നും കൊല്ലങ്കോട് റേഞ്ച് ഓഫിസർ പ്രമോദ് പറഞ്ഞു. ആംബുലൻസ് പ്രവർത്തിപ്പിക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും ഔദ്യോഗിക രേഖകൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ പരിശോധിച്ച് നടപ്പാക്കുമെന്നും മുതലമട പഞ്ചായത്ത് പ്രസിഡന്റ് കൽപന ദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.