ഓണത്തിന് ചെണ്ടുമല്ലി വസന്തവുമായി തൃക്ഷരി
text_fieldsഒറ്റപ്പാലം: ഇക്കുറി പാലക്കാടിന്റെ പൂക്കളങ്ങളിൽ തൃക്ഷരി കുടുംബശ്രീ യൂനിറ്റിന്റെ ചെണ്ടുമല്ലികളുമുണ്ടാവും. അമ്പലപ്പാറ പഞ്ചായത്തിലെ കൂനൻമല വാർഡിലെ ശിവ നിവാസിൽ (പൂളക്കപ്പറമ്പ്) രമ്യ, പൊട്ടലിക്കൽ രാജലക്ഷ്മി, പെരുമാങ്ങോട്ടുകുഴി ദിവ്യ, ചെറിയ വീട്ടുപറമ്പിൽ വസന്ത കുമാരി എന്നിവരടങ്ങുന്ന സംഘമാണ് കൃഷി ചെയ്തത്.
രമ്യയുടെ ഭർത്താവിന്റെ പേരിലുള്ള 10 സെൻറിലാണ് ചെണ്ടുമല്ലിയുടെ പരീക്ഷണ കൃഷി. 490 തൈകളാണ് നട്ടത്. ഇവയുടെ തല നുള്ളിയെടുത്ത് ഗ്രോ ബാഗിൽ 200 എണ്ണം വേറെയും നട്ടു. പന്നിശല്യം ഭയന്ന് ഇരുമ്പ് നെറ്റ് കെട്ടി സുരക്ഷിതമാക്കിയ സ്ഥലത്താണ് കൃഷി.
ഫങ്കസും കീടശല്യവും കാരണം നാൽപതോളം തൈകൾ നശിച്ചെങ്കിലും ബാക്കിയുള്ളവയിൽ പൂക്കൾ സമൃദ്ധമാണ്. രാസവളം ഉപയോഗിക്കേണ്ടി വന്നില്ല. വേപ്പിൻ പിണ്ണാക്ക്, ചാണകം എന്നിവയാണ് മുഖ്യമായും ചെടികൾക്ക് നൽകിയത്. പഞ്ചായത്തിലും കൃഷിഭവനിലും രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇരു വകുപ്പ് അധികൃതരും ചെണ്ടുമല്ലി തോട്ടം സന്ദർശിച്ചു. നാശമുണ്ടായ തൈകൾക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്താണ് കൃഷി വകുപ്പ് അധികൃതർ മടങ്ങിയത്.
നിലവിൽ കിലോക്ക് 70 രൂപയുള്ളത് ഓണം സീസണിൽ 300 രൂപ വരെ ഉയരാറുണ്ട്. ഒരു ചെടിയിൽനിന്ന് ശരാശരി 24 പൂക്കൾ വരെ ലഭിക്കും. ഒരു കിലോക്ക് 40 - 50 പൂക്കൾ മതിയാകും. ഇതനുസരിച്ച് 325 കിലോ വരെ തോട്ടത്തിൽനിന്ന് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പെൺ സംഘം.
സ്കൂൾ, ക്ലബ്, ക്ഷേത്രങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവക്ക് പൂക്കളമൊരുക്കാൻ മുൻകൂട്ടി പൂക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത്, സർവിസ് സഹകരണ ബാങ്ക് എന്നിവ നടത്തുന്ന ഓണച്ചന്തയിൽ പൂക്കൾ നേരിട്ട് വിൽക്കാൻ അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നത് ആശ്വാസമാണെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.