ഇന്ന് ലോക ക്ഷയരോഗ ദിനം; ജില്ലയിലാകെ ചികിത്സയിലുള്ളത് 1000 പേർ
text_fieldsപാലക്കാട്: ക്ഷയരോഗ ബാധിതരായി ജില്ലയിൽ ചികിത്സയിലുള്ളത് 1000 പേർ. കാമ്പയിനുകളിലൂടെയും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെയും ആരോഗ്യ പ്രവർത്തകർ ഫീൽഡ് വിസിറ്റ് നടത്തിയും ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തുന്ന പരിശോധനകളിലൂടെയാണ് രോഗബാധിതരെ കണ്ടെത്തുന്നത്. കഴിഞ്ഞവർഷം 2055 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. കൃത്യമായ ചികിത്സാരീതിയിലൂടെ ഈ വർഷമായപ്പോഴേക്കും പകുതിയിലേറെ പേരെ കുറക്കാനായി. ‘അതെ -നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം-പ്രതിബദ്ധത, നിക്ഷേപം, വാതിൽപ്പടി സേവനം’ എന്നതാണ് ഈ വർഷത്തെ സന്ദേശം.
പൂർണമായും ഭേദമാക്കാവുന്ന രോഗം
മൈകോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധമൂലം ഉണ്ടാകുന്ന ക്ഷയരോഗം കൃത്യമായി മരുന്ന് കഴിച്ചാൽ പൂർണമായും ഭേദമാക്കാനാവും. ശ്വാസകോശങ്ങളെയാണ് ഈ രോഗം ബാധിക്കുന്നത്. എന്നാൽ ദഹനേന്ദ്രിയവ്യൂഹം, ജനനേന്ദ്രിയവ്യൂഹം, അസ്ഥികൾ, സന്ധികൾ, രക്തചംക്രമണവ്യൂഹം, ത്വക്ക്, തലച്ചോറും നാഡീപടലങ്ങളും തുടങ്ങി ശരീരത്തിലെ ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. ക്ഷയരോഗം പ്രധാനമായും ഡ്രഗ് സെൻസിറ്റീവ് ടി.ബി, മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടി.ബി, എക്സ്റ്റൻസീവ് റെസിസ്റ്റന്റ് ടി.ബി എന്നിങ്ങനെ മൂന്നുതരത്തിലാണുള്ളത്.
പരിശോധനയിൽ ഏത് തരം ടി.ബി ആണെന്ന് മനസ്സിലാക്കിയശേഷമാണ് മരുന്ന് നൽകുക. ബാക്ടീരിയ ശരീരത്തിനകത്ത് കയറി വർഷങ്ങൾക്ക് ശേഷമാകും ചിലപ്പോൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. പ്രതിരോധശേഷി കുറയുന്ന സമയത്താണ് ബാക്ടീരിയ പ്രവർത്തനം തുടങ്ങുക. ഏത് പ്രായക്കാർക്കും ബാധിക്കാവുന്ന രോഗമാണിത്. പ്രമേഹം, എച്ച്.ഐ.വി പോലുള്ള അസുഖങ്ങളുള്ളവർക്ക് പെട്ടെന്ന് രോഗം ബാധിക്കാം. പുകവലി ശീലമുള്ളവർക്കും എളുപ്പത്തിൽ രോഗം ബാധിക്കും.
രോഗലക്ഷണങ്ങൾ
രണ്ടാഴ്ച നീളുന്ന ചുമ, രണ്ടാഴ്ച നീളുന്ന പനി, കഫത്തിൽ രക്തത്തിന്റെ അംശം, ഭാരക്കുറവ്, വിറയൽ, വേഗം ക്ഷീണിക്കുക, കൈവിരലുകളുടെ അറ്റത്ത് നീരുണ്ടാവുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ദൃശ്യമായാൽ ഉടൻ അടുത്തുള്ള ആശുപത്രിയിലോ ജില്ല ടി.ബി സെന്ററിലോ ചികിത്സ തേടണം. നാറ്റിലൂടെയാണ് (ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ്) രോഗനിർണയം നടത്തുക. ജില്ലയിൽ 12 നാറ്റ് ടെസ്റ്റ് സെന്ററുകളും 45 കഫ പരിശോധന കേന്ദ്രങ്ങളുമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ടി.ബി സെന്റർ, ജില്ല ആശുപത്രി എന്നിവിടങ്ങളിൽനിന്നെല്ലാം മരുന്ന് ലഭിക്കും.
രോഗബാധിതരായവരിൽനിന്ന് ബാക്ടീരിയ പകരാൻ സാധ്യതയുള്ളതിനാൽ രോഗിയുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം രോഗാണ് അടങ്ങിയ കണങ്ങൾ അന്തരീക്ഷത്തിൽ കലരും. അതിനാൽ തൂവാല ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ജില്ലയിൽ ഈയടുത്ത് നടത്തിയ നിക്ഷയ് ഷിവിർ നൂറുദിന കാമ്പയിനിൽ 6,19,000 പേരിൽ നടത്തിയ സ്ക്രീനിങ്ങിൽ 70 കേസുകൾ കണ്ടെത്തിയതായി ജില്ല ടി.ബി ഓഫിസർ ഡോ. സി. ഹരിദാസൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.