‘ഫെയറാ’ണ് വയനാട്ടിലെ കളക്ഷന്‍ സെന്റർ; അമരക്കാരിൽ രണ്ട് പാലക്കാട്ടുകാരും
text_fieldsപാലക്കാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട വയനാട്ടിലേക്ക് എത്തുന്ന സഹായങ്ങളുടെ വിവരങ്ങൾ സുതാര്യമാക്കാൻ സോഫ്റ്റ്വെയർ പ്രവർത്തിപ്പിക്കുന്ന സംഘത്തിൽ രണ്ട് പാലക്കാട്ടുകാരും. എറണാകുളം ആസ്ഥാനമായ ഫെയർകോഡ് ഇൻഫോടെക് എന്ന ഐ.ടി കമ്പനിയിലെ സംഘമാണ് വയനാട്ടിലെ കളക്ഷൻ സെന്ററിൽ എത്തുന്ന ദുരിതാശ്വാസ സാമഗ്രികളുടെ വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തുന്നത്. എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി) വഴിയാണ് ഇത് ചെയ്യുന്നത്. ഇതുവഴി എന്തൊക്കെ സാധനങ്ങൾ, എത്ര അളവിൽ വരുന്നുവെന്ന് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഒറ്റ ക്ലിക്കില്‍ അറിയാൻ സാധിക്കും.
പൂക്കോട്ടുകാവ് സ്വദേശി രജിത്ത് രാമചന്ദ്രൻ, ചെർപ്പുളശ്ശേരി സ്വദേശി നിപുൺ പരമേശ്വരൻ എന്നിവരാണ് സംഘത്തിലെ പാലക്കാട്ടുകാർ. കല്‍പ്പറ്റ സെന്റ് ജോസഫ് സ്കൂളില്‍ ഒരുക്കിയ കളക്ഷൻ സെന്ററിൽനിന്നാണ് സാധനങ്ങൾ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. കളക്ഷൻ സെന്ററിൽ എത്തുന്ന സാധനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സോഫ്റ്റ്വെയറിലെ ഇന്‍വെന്ററി എന്‍ട്രിയില്‍ രേഖപ്പെടുത്തും.
പൊതുജനങ്ങള്‍ക്ക് https://inventory.wyd.faircode.co, https://inventory.wyd.faircode.co/stock_inventoryv മുഖേന കളക്ഷന്‍ സെന്ററിലേക്ക് ആവശ്യമായ വസ്തുക്കള്‍ മനസ്സിലാക്കി എത്തിക്കാന്‍ സാധിക്കും. മുഴുവന്‍ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോര്‍ട്ട്, അത്യാവശ്യമായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ്, സ്റ്റോക്ക് കുറവുള്ള സാധനങ്ങളുടെ ലിസ്റ്റ്, സ്റ്റോക്ക് കൂടുതലുള്ള സാധനങ്ങളുടെ വിവരങ്ങൾ എന്നിവ ഇതുവഴി വേഗത്തിൽ അറിയാം.
ഫെയർകോഡിലെ ജീവനക്കാരനായ മുണ്ടക്കൈ സ്വദേശിയും കുടുംബവും ദുരന്തത്തിൽനിന്നും തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. നാടിനുവേണ്ടി എന്ത് ചെയ്യാം എന്ന ചിന്തയിൽനിന്നാണ് സംഘം ഇ.ആർ.പിയുമായി വയനാട്ടിലെത്തിയത്. രജിത്തിനും നിപുണിനും പുറമേ സി.എസ്. ഷിയാസ്, നകുല്‍ പി. കുമാര്‍, ആര്. ശ്രീദര്‍ശന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നാലുവർഷം മുമ്പാണ് ഈ സോഫ്റ്റ്വെയർ വികസിപ്പിച്ചത്. ഇ.ആർ.പിക്ക് പുറമേ വൈദ്യുതി ബിൽ അടക്കുന്നത് ഉൾപ്പെടെ കെ.എസ്.ഇ.ബിയുടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭിക്കുന്ന കെ.എസ്.ഇ.ബി എന്ന ആപ്ലിക്കേഷനും കോവിഡ് കാലത്ത് ബെവ്ക്യു എന്ന ആപ്ലിക്കേഷനും ഫെയർകോഡ് ഇൻഫോടെക് വികസിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.