നെല്ല് സംഭരണത്തിലെ വീഴ്ച തുറുപ്പുശീട്ടാക്കി യു.ഡി.എഫും ബി.ജെ.പിയും
text_fieldsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നെല്ല് സംഭരണത്തിലെ വീഴ്ച തുറുപ്പുശീട്ടാക്കി യു.ഡി.എഫും ബി.ജെ.പിയും. ഒന്നാം വിള കൊയ്ത്ത് ഏകദേശം പകുതി പിന്നിട്ട സമയത്താണ് ഉപതെരഞ്ഞെടുപ്പ് എത്തിയത്. കൊയ്തെടുത്ത നെല്ല് സമയബന്ധിതമായി സപ്ലൈകോ സംഭരിക്കാത്തതും സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതും ജില്ലയിലെ പ്രധാന പ്രശ്നമാണ്.
2001ലാണ് താങ്ങുവില നൽകി നെല്ല് സംഭരണം സഹകരണ സംഘങ്ങൾ മുഖേന ആരംഭിച്ചത്. എന്നാൽ, വീഴ്ചകൾമൂലം 2003 മുതൽ സംഭരണം സപ്ലൈകോയെ ഏൽപിച്ചു. എന്നാൽ, ഇടത്-വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും സപ്ലൈകോക്ക് സംഭരണം കാര്യക്ഷമമായി നടത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കർഷകചൂഷണത്തിനുള്ള ഉപകരണമായി നിന്നുകൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. സ്വതന്ത്ര കർഷകസംഘടനകൾ പലതവണ സമരപരിപാടികൾ നടത്തിയെങ്കിലും രാഷ്ട്രീയ പാർട്ടികൾ അവ അവഗണിക്കുയോ മാറിനിൽക്കുകയോ ആണുണ്ടായത്.
എന്നാൽ, തെരഞ്ഞെടുപ്പടുത്തതോടെ യു.ഡി.എഫ്, ബി.ജെ.പി പാർട്ടികൾ ഇത് മുഖ്യവിഷയമാക്കി ഉയർത്തിക്കൊണ്ടുവരുന്നത് എൽ.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ബി.ജെ.പിയും കോൺഗ്രസും തിങ്കളാഴ്ച ട്രാക്ടർ റാലി നടത്തി. താങ്ങുവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണാടിയിൽനിന്നാരംഭിച്ച ബി.ജെ.പി റാലിക്ക് നടൻ കൃഷ്ണപ്രസാദ്, സ്ഥാനാർഥി സി. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. കർഷക കോൺഗ്രസ് നേതൃത്വത്തിൽ കണ്ണാടിയിൽനിന്നാരംഭിച്ച ട്രാക്ടർ റാലി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
മമ്പറം, തണ്ണീർപന്തൽ, കിണാശ്ശേരി, പാത്തിക്കൽ, കണ്ണനൂർ, അമ്പാട്, പല്ലാഞ്ചത്താനൂർ, ചുങ്കമന്ദം, ബംഗ്ലാ സ്കൂൾ, ആനിക്കോട്, പൂടൂർ എന്നിവിടങ്ങളിലൂടെ കൊടുന്തരപുള്ളിയിൽ സമാപിച്ചു. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ, ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
ചൊവ്വാഴ്ച കുഴൽമന്ദം ബ്ലോക്ക് പാടശേഖരസമിതി കോഓഡിനേഷൻ കമ്മിറ്റി സപ്ലൈകോ ഓഫിസ് മാർച്ച് നടത്തും. മാർച്ചിൽ പ്രമുഖ പാർട്ടികളുടെ മൂന്നു സ്ഥാനാർഥികളെയും പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.