ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കം
text_fieldsപാലക്കാട്: ജില്ലയിൽ ആറിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നാലിടത്ത് വിജയിച്ചു. ഇവയിൽ രണ്ടിടത്ത് യു.ഡി.എഫിന് അട്ടിമറി വിജയമാണ്. എൽ.ഡി.എഫും ബി.ജെ.പിയും ഒരു സീറ്റ് വീതം നേടി. ഇടതുകുത്തക വാർഡുകളായ വടക്കഞ്ചേരി ആറാം വാർഡ് അഞ്ചുമൂര്‍ത്തിമംഗലത്തും പട്ടിത്തറ പഞ്ചായത്തിലെ 14ാം വാർഡ് തലക്കശ്ശേരിയിലുമാണ് യു.ഡി.എഫ് അട്ടിമറി വിജയം നേടിയത്. മലമ്പുഴ േബ്ലാക്ക് ആറാം ഡിവിഷനിൽ പ്രത്യുഷ് കുമാർ, തിരുമിറ്റക്കോട് 11-ാം വാർഡിൽ എം.കെ. റഷീദ് തങ്ങള്‍, വടക്കഞ്ചേരി പഞ്ചായത്ത് അഞ്ചുമൂര്‍ത്തി മംഗലത്ത് ജി. സതീഷ് കുമാർ, പട്ടിത്തറ പഞ്ചായത്ത് തലക്കശ്ശേരിയിൽ സി.പി. മുഹമ്മദ് എന്നിവരാണ് വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ. ജില്ല പഞ്ചായത്ത് വാണിയംകുളം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.അബ്ദുൽ കാദറും ഒറ്റപ്പാലം നഗരസഭ പാലാട്ട് റോഡിൽ ബി.ജെ.പി സ്ഥാനാർഥി സഞ്ജുമോനും വിജയിച്ചു.
അട്ടിമറി വിജയത്തിളക്കത്തിൽ യു.ഡി.എഫ്
വടക്കഞ്ചേരി പഞ്ചായത്ത് അഞ്ചുമൂര്‍ത്തി മംഗലത്ത് യു.ഡി.എഫ് സ്ഥാനാർഥി ജി. സതീഷ് കുമാർ 325 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റാണിത്. പട്ടിത്തറ ഗ്രാമപഞ്ചായത്ത് തലക്കശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി സി.പി. മുഹമ്മദ് 142 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇത് എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ്.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കണ്ണോട് യു.ഡി.എഫ് സ്ഥാനാർഥി പ്രത്യുഷ് കുമാർ 1549 വോട്ടുകൾക്കാണ് എതിർസ്ഥാനാർഥി സി.പി.ഐയിലെ സുഭാഷ് രാജനെ പരാജയപ്പെടുത്തിയത്. പ്രത്യുഷ് കുമാർ 4571 വോട്ടും സുഭാഷ് രാജൻ 3022 വോട്ടും നേടി.1495 വോട്ടുമായി ബി.ജെ.പിയിലെ വി.ശശി നില മെച്ചപ്പെടുത്തി. കോൺഗ്രസിന്റെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഏക സീറ്റാണിത്. ഇവിടെ കോൺഗ്രസിലെ യു.പ്രഭാകരന്റെ നിര്യാണത്തെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. യു. പ്രഭാകരന്റെ ഭൂരിപക്ഷം 170 വോട്ടായിരുന്നു.
തിരുമിറ്റക്കോട് 11-ാം വാർഡ് പള്ളിപ്പാടത്ത് യു.ഡി.എഫ് സ്ഥാനാർഥി എം.കെ. റഷീദ് തങ്ങള്‍ 93 വോട്ടിന് വിജയിച്ചു. ഇവിടെ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തുകയായിരുന്നു. യുഡി.എഫ് - 600, എല്‍.ഡി.എഫ്-507, ബി.ജെ.പി- 30, എസ്.ഡി.പി.ഐ -13, ഐ.എന്‍.ഡി.പി -38 എന്നിങ്ങനെയാണ് നില.
ബി.ജെ.പി സീറ്റ് നിലനിർത്തി
ഒറ്റപ്പാലം നഗരസഭയിലെ പാലാട്ട് റോഡ് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിലനിർത്തി. 192 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർഥി പി.സഞ്ജു മോൻ വിജയിച്ചത്. പോൾ ചെയ്ത 607 വോട്ടിൽ 361 വോട്ടാണ് സഞ്ജുമോൻ നേടിയത്. എൻ.എം. നാരായണൻ നമ്പൂതിരി (സി.പി.എം) 169 ഉം സി.രാധാകൃഷ്ണ മേനോൻ (യു.ഡി.എഫ്) 77 ഉം വോട്ട് നേടി. ബി.ജെ.പി കൗൺസിലറായിരുന്ന അഡ്വ. കെ.കൃഷണ കുമാറിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.
വാണിയംകുളം ചേർത്തുപിടിച്ച് എൽ.ഡി.എഫ്
ജില്ല പഞ്ചായത്ത് വാണിയംകുളം ഡിവിഷനിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഉജ്ജ്വല വിജയം. 10,207 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം സ്ഥാനാർഥി സി.അബ്ദുൽ കാദർ വിജയിച്ചത്. 32,582 വോട്ടുകൾ പോൾ ചെയ്തതിൽ 18263 വോട്ടുകൾ അബ്ദുൽ കാദർ നേടി. എം.പി.പ്രേംകുമാർ (യു.ഡി.എഫ്) 8056 ഉം എം.മണികണ്ഠൻ (ബി.ജെ.പി) 6263 വോട്ടുകളുമാണ് കരസ്ഥമാക്കിയത്. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്ന പി.കെ. സുധാകരന്റെ മരണത്തെ തുടർന്നാണ് വാണിയംകുളം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. 10,515 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുധാകരന്റെ വിജയം. 22,540 വോട്ടുകളാണ് സുധാകരൻ നേടിയിരുന്നത്. വാണിയംകുളം, അനങ്ങനടി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും തൃക്കടീരി പഞ്ചായത്തിലെ ഏഴ് വാർഡും ചളവറയിലെ മൂന്നും വാർഡുകൾ ഉൾപ്പെട്ടതാണ് വാണിയം കുളം ഡിവിഷൻ. അനങ്ങനടി പാവുക്കോണം സ്വദേശിയായ അബ്ദുൽ കാദർ സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ്. കോതകുറുശ്ശി സഹകരണ ബാങ്ക് സെക്രട്ടറിയായാണ് വിരമിച്ചത്.
സി.പി.എം കുത്തക വാർഡുകളിൽ യു.ഡി.എഫ് അട്ടിമറി വിജയം
സി.പി.എമ്മിൽ വോട്ടുമറിച്ചെന്ന് ആരോപണം
തൃത്താല/വടക്കഞ്ചേരി: സി.പി.എമ്മിന്റെ കുത്തക വാർഡായ വടക്കഞ്ചേരി ആറാം വാർഡ് അഞ്ചുമൂര്‍ത്തിമംഗലത്തും പട്ടിത്തറ പഞ്ചായത്തിലെ 14ാം വാർഡ് തലക്കശ്ശേരിയിലും കോൺഗ്രസിന് അട്ടിമറി ജയം. അഞ്ചുമൂർത്തി മംഗലത്ത് യു.ഡി.എഫ് സ്ഥാനാർഥി ജി. സതീഷാണ് 325 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായിരുന്ന അഡ്വ. മുരളീധരന് സി.പി.എമ്മുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴിതെളിച്ചത്. 656 വോട്ട് യു.ഡി.എഫ് സ്ഥാനാർഥി സതീഷ് നേടിയപ്പോൾ ഇടത് സ്ഥാനാർഥിയായ വിനോദിന് 331 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. വോട്ടുമറിച്ചെന്ന ആരോപണം സി.പി.എമ്മിനകത്ത് ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ബി.ജെ.പി സ്ഥാനാർഥി അനില്‍ 12 വോട്ടും മറ്റുള്ളവര്‍ 21 വോട്ടും നേടി. തലക്കശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി സി.പി. മുഹമ്മദ് എതിർസ്ഥാനാർഥി ബിനി ടീച്ചറേക്കാൾ 142 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എല്‍.ഡി.എഫിന്റെ വാർഡ് അംഗം ഉണ്ണികൃഷ്ണന്റെ വിയോഗത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 400 വീതം വോട്ടുകൾ നേടി തുല്യനിലയിലായിരുന്നു സി.പി. മുഹമ്മദും ഉണ്ണികൃഷ്ണനും. ഒടുവിൽ ടോസിലൂടെ വിജയിയെ നിശ്ചയിച്ചപ്പോൾ വിജയം മുഹമ്മദിന് കൈപിടിയിൽ നിന്ന് വഴുതിപ്പോവുകയായിരുന്നു.
ഇത്തവണ മുഹമ്മദ് വീണ്ടും യു.ഡി.എഫ് സ്ഥാനാർഥിയായപ്പോൾ എതിർസ്ഥാനാർഥിയായത് ഉണ്ണികൃഷ്ണന്റെ മരുമകള്‍ കൂടിയായ ബിനി ടീച്ചറാണ്. അവർ 412 വോട്ട് നേടിയപ്പോൾ 554 വോട്ട് നേടി യു.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് ഇടതുകുത്തക മണ്ഡലത്തിൽ വിജയക്കൊടി നാട്ടി. ബി.ജെ.പി സ്ഥാനാർഥി വിപിൻ 100 വോട്ട് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.