ആയിഷ സൈനബിന്റെ നേട്ടം അകക്കണ്ണിലെ തെളിമയാർന്ന കാഴ്ചക്ക്
text_fieldsപാലക്കാട്: അകക്കണ്ണിലെ തെളിച്ചമാർന്ന കാഴ്ചക്ക് ആയിഷ സൈനബിന് ഉജ്ജ്വലബാല്യം പുരസ്കാര നേട്ടം. പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഈ മിടുക്കി.
ഭിന്നശേഷി വിഭാഗത്തിൽ കായികം (ചെസ്) കാറ്റഗറിയിലാണ് പുരസ്കാര നേട്ടം. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലതലത്തില്‍ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. കള്ളിക്കാട് സ്വദേശി അലി അൻസാരിയുടെയും റജീനയുടെയും മകളായ ആയിഷ ബ്ലൈൻഡ് ചെസിൽ വനിത വിഭാഗത്തിൽ കേരളത്തിലെ ആദ്യത്തെ ഫിഡെ റേറ്റഡ് താരമാണ്.
വ്യാഴാഴ്ച രാവിലെയാണ് ആയിഷയുടെ വീട്ടുകാർക്ക് അവാർഡ് അറിയിപ്പ് ലഭിച്ചത്. സ്കൂൾ അവധിയായിരുന്നതിനാൽ മാതാപിതാക്കളോടൊപ്പം വീട്ടിൽ സന്തോഷം പങ്കിട്ടു. 2022 മുതലാണ് ആയിഷ ചെസ് കളിക്കാൻ തുടങ്ങിയത്. ജനുവരി ഒന്നിന് മൂന്നുവർഷം തികഞ്ഞതിന്റെ പിറ്റേന്നാണ് പുരസ്കാര നേട്ടമെന്നത് സന്തോഷം വർധിപ്പിക്കുന്നതായി പിതാവ് അലി അൻസാരി പറഞ്ഞു. ആയിഷക്ക് ജന്മന 90 ശതമാനം കാഴ്ചശക്തിയില്ല. കരുക്കൾ തൊട്ടറിഞ്ഞാണ് മനസ്സിലാക്കുന്നത്.
എതിരാളിയുടെ നീക്കം മനസ്സിൽ കണ്ട് കൃത്യതയോടെയാകണം കരുക്കൾ നീക്കേണ്ടത്. ഓരോ ചലനവും വിജയസാധ്യതയെ ബാധിക്കുന്ന ചെസിൽ കാഴ്ചപരിമിതി ഉയർത്തുന്ന വെല്ലുവിളിയെ അസാധാരണ കഴിവുകൊണ്ടാണ് ആയിഷ സൈനബ് എന്ന പെൺകുട്ടി നേരിടുന്നത്. ഏഴാം ക്ലാസുവരെ കരിമ്പുഴ ഹെലൻ കെല്ലർ അന്ധവിദ്യാലയത്തിലായിരുന്നു പഠനം. എട്ടാംക്ലാസിലാണ് പാലക്കാട് ഗവ. മോയൻ സ്കൂളിൽ എത്തിയത്.
നിരവധി സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിൽ ആയിഷ പങ്കെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറിൽ ബംഗളൂരുവിൽ നടന്ന അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ പങ്കെടുത്തു.
ഡിസംബർ 27ന് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന കാഴ്ചപരിമിതിയുള്ളവരും പൊതുവിഭാഗം കുട്ടികളും തമ്മിലുള്ള മത്സരത്തിൽ രണ്ടാംസ്ഥാനം നേടി. ജനുവരി 10, 11, 12 തീയതികളിലായി ബംഗളൂരുവിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ.
ഓൺലൈനായാണ് ചെസ് പരിശീലനം. പത്താം ക്ലാസായതിനാൽ പഠനത്തിന്റെ ടെൻഷനുമുണ്ട്. ജനുവരിയിലെ മത്സരം കഴിഞ്ഞാൽ പൊതുപരീക്ഷക്ക് ശേഷമേ ടൂർണമെന്റുകളിൽ പങ്കെടുക്കൂ എന്നാണ് തീരുമാനം. പഠനത്തിലും മിടുക്കിയായ ആയിഷക്ക് മുഴുവൻ എ പ്ലസ് നേടണമെന്നാണ് ആഗ്രഹം. റെറ്റിനിറ്റിസ് പിഗ്മെന്റോസ (ആർ.പി) എന്ന അസുഖമാണ് ആയിഷയുടെ കാഴ്ച കവർന്നത്. ജന്മന ബാധിക്കുന്ന രോഗമാണിത്. അമ്മ റജീനക്കും കാഴ്ചശക്തിയില്ല. ആയിഷയുടെ സഹോദരി ഷഹനാസിനും കാഴ്ചക്ക് പ്രശ്നമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.