സാമ്പത്തിക ബുദ്ധിമുട്ട് ചൂഷണം ചെയ്ത് അനധികൃത ചിട്ടികമ്പനികൾ
text_fields ദിലീപ് ചിറ്റൂർ
ചിറ്റൂർ: ചിട്ടികമ്പനികളുടെ മറവിൽ അനധികൃത പണമിടപാടുകളുമായി സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് സ്ഥാപനങ്ങൾ വ്യാപകം. കേരളത്തിലെ ചിട്ടി നിയമങ്ങളെ മറികടക്കാൻ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ നിരവധി കമ്പനികൾ മുളച്ചുപൊന്തുകയാണ്. കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുകയും അടവിൽ വീഴ്ച വരുത്തിയാൽ യാതൊരു ദാക്ഷിണ്യവും കൂടാതെ വീടും ഭൂമിയുമൊക്കെ തട്ടിയെടുക്കുകയും ചെയ്യുന്ന ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരള-തമിഴ്നാട് അതിർത്തിയിൽ ഗോപാലപുരത്തിൽ തമിഴ്നാട്ടിൽ സ്ഥാപനം നടത്തുകയും പ്രവർത്തനമേഖല പൂർണമായും കേരളത്തിൽ നടപ്പാക്കുകയും ചെയ്യുകയാണ് രീതി.രജിസ്ട്രേഷൻ പോലുമില്ലാതെയാണ് മിക്ക ചിട്ടികമ്പനികളും പ്രവർത്തിക്കുന്നത്. ഇവിടെ ചെറുതും വലുതുമായ 20ലേറെ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ചിട്ടി നടത്താനുള്ള അനുമതിയോ രജിസ്ട്രേഷനോ ഈ സ്ഥാപനങ്ങൾക്കില്ല.
ചില വലിയ ചിട്ടികമ്പനികൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിൽ ചിട്ടികൾ നടത്താൻ ഇത് പര്യാപ്തമല്ല. കേരളത്തിലെ ചിട്ടി നിയമപ്രകാരം ആരംഭിക്കുന്ന ഓരോ ചിട്ടിയുടെയും തുകക്ക് തുല്യമായ തുക ചിട്ടി കാലാവധി അവസാനിക്കുന്ന കാലയളവുവരെ അസി. രജിസ്ട്രാറുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തണം. മാത്രമല്ല നിശ്ചിത തുക നികുതിയായും അടക്കണം. ഈ നികുതിയുമടക്കാതെയാണ് ഇത്തരം കമ്പനികളുടെ പ്രവർത്തനം. നടപടിയെടുക്കേണ്ട പൊലീസോ മറ്റ് സർക്കാർ സംവിധാനങ്ങളോ നടപടിയെടുക്കുന്നില്ലെന്നതാണ് വാസ്തവം. രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ ഇവരുടെ സ്വാധീനം മൂലമാണിതെന്നാണ് ആരോപണം. ജീവനക്കാർക്ക് യൂനിഫോമും ഇരുചക്രവാഹനങ്ങളും നൽകി നിരവധി പേരെയാണ് ചിട്ടി പിരിവിനിറങ്ങുന്നത്.
ജനങ്ങളുടെ ബുദ്ധിമുട്ട് മുതലെടുത്ത് പിരിക്കുന്ന തുക വട്ടി പലിശക്ക് നൽകി കൊള്ളയടിക്കുകയാണ് ഇവർ. കോവിഡിന് ശേഷം ഈ സംഘങ്ങൾ വീണ്ടും സജീവമാണ്. എത്ര താഴ്ത്തിയും തുക വിളിച്ചെടുക്കാമെന്നതിനാൽ പണത്തിന് അത്യാവശ്യമുള്ളവർ വലിയ തുക കുറച്ച് വിളിക്കുകയാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഇത്തരം ചിട്ടികമ്പനികൾ എപ്പോൾ പൂട്ടുമെന്നോ എത്ര ആളുകൾ വഞ്ചിക്കപ്പെടുമെന്നോ പറയാനാവാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.