ബസുകൾ നിർത്തുന്നത് നടുറോഡിൽ; സ്റ്റോപ്പിടണം, ജീവന് കാവലാകാൻ
text_fieldsപാലക്കാട്: തിരക്കേറിയ നഗരത്തിൽ സ്വകാര്യ ബസുകളുടെ അനധികൃത സ്റ്റോപ്പ് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. അംഗീകൃത സ്റ്റോപ്പിൽ വശം ചേർത്ത് നിർത്തുന്നതിന് പകരം റോഡിന് നടുവിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് നിന്നും പാതയുടെ നടുവിൽ പെട്ടെന്ന് ബസുകൾ നിർത്തുന്നത് പിറകിൽ വരുന്ന വാഹനങ്ങളുമായുള്ള അപകടത്തിന് കാരണമാകുന്നുണ്ട്. ഐ.എം.എ റോഡിലാണ് ട്രാഫിക് ലംഘനം കൂടുതലും നടക്കുന്നത്.
സ്റ്റേഡിയം സ്റ്റാൻഡിൽനിന്നും സുൽത്താൻപേട്ട ഭാഗത്തുനിന്നും വരുന്ന ബസുകളാണ് ഇവിടെ നിർത്തുന്നത്. സ്വകാര്യ ബസുകൾക്ക് പുറമെ ഒലവക്കോട് ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും നിർത്തിയിടാറുണ്ട്. ബസുകൾ ഇവിടെ നിർത്തരുതെന്ന് കാണിച്ച് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാറില്ല. സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന മിക്ക ബസുകളും ഇവിടെ യാത്രക്കാരെ കയറ്റാനായി നിർത്തിയിടുന്നുണ്ട്.
ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി റോഡിൽ സമാന്തരമായി നിർത്തിയിടുന്നതാണ് മിക്കപ്പോഴും ഇവിടെ കുരുക്കിന് കാരണമാവുന്നത്. കൽമണ്ഡപം ഭാഗത്തുനിന്നുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും സ്റ്റേഡിയം ബൈപാസിലേക്ക് കയറി വേണം സുൽത്താൻപേട്ട റോഡിലേക്ക് പ്രവേശിക്കാനെന്നതിനാൽ ഇവിടെ സ്വകാര്യ ബസുകളുടെ പാർക്കിങ് പലപ്പോഴും തിരക്കിന് കാരണമാവുന്നു. ഇതിനു പുറമെ ഓട്ടോറിക്ഷകൾ നിർത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.
മുനിസിപ്പൽ സ്റ്റേഡിയത്തിലും സ്റ്റേഡിയം ഗ്രൗണ്ടിലുമെല്ലാം എക്സിബിഷൻ, സർക്കസ്, മേളകൾ എന്നിവയൊക്കെ തുടങ്ങുന്ന സമയത്ത് സന്ധ്യ മയങ്ങുന്നതോടെ തിരക്കേറുന്ന സ്ഥിതിയാണ്. ചില സമയങ്ങളിൽ ഇവിടെ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണത്തിനുണ്ടാകാറുണ്ട്. സ്റ്റേഡിയം സ്റ്റാൻഡിനു മുന്നിലെ പ്രവർത്തനരഹിതമായ സിഗ്നൽ സംവിധാനവും ബസുകളുടെ അനധികൃത പാർക്കിങ്ങുമെല്ലാം ഗതാഗതക്കുരുക്ക് സൃഷ്ടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇവിടെ ബസുകൾ നിർത്തരുത്, മുന്നോട്ട് കയറ്റി നിർത്തുക തുടങ്ങിയ ബോർഡുകളെല്ലാം ട്രാഫിക് പൊലീസ് എൻഫോഴ്സ്മെൻറ് വിഭാഗവും സ്ഥാപിച്ചിട്ടും ഞങ്ങൾക്കിതൊന്നും ബാധകമല്ല എന്നാണ് ബസുകളുടെ ഭാവം. അനധികൃത പാർക്കിങ് നിർബാധം തുടരുമ്പോൾ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
ദേശീയ-സംസ്ഥാന പാതകളിൽ ബസുകളുടെ ഓട്ടം തോന്നുംപടി
പാലക്കാട്: റോഡ് സുരക്ഷ നിയമങ്ങൾ കാറ്റിൽ പറത്തി ദേശീയ-സംസ്ഥാന പാതകളിലും ബസുകളുടെ ഓട്ടവും നിർത്തലും തോന്നുംപടി. അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം ഏതാനും ദിവസം കർശന നടപടി സ്വീകരിക്കുന്ന അധികൃതർ പിന്നീട് അയഞ്ഞ സമീപനം കൈക്കൊള്ളുന്നതിനാൽ ബസുകളുടെ റോഡ് സുരക്ഷ സുരക്ഷ നിയമം തെറ്റിച്ചുള്ള മത്സരയോട്ടത്തിന് ഒട്ടും കുറവില്ല. ഏറെ തിരക്കുള്ളതും മിക്ക ദിവസവും അപകടം സംഭവിക്കുന്നതുമായ പാലക്കാട്-കുളപ്പുള്ളി പാതയിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നത് തോന്നുംപടിയാണ്. നവീകരണം കഴിഞ്ഞ് 15 വർഷം പിന്നിട്ട പാതയിൽ ഇതിനകം അപകടങ്ങളിൽ പൊലിഞ്ഞത് നൂറിലധികം പേരാണ്.
പാലക്കാട് മുതൽ കുളപ്പുള്ളി വരെയുള്ള 48 കിലോമീറ്റർ പാതയിൽ അപകട വളവുകൾ, അനധികൃത പാർക്കിങ്, അമിത വേഗത എന്നിവയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ജില്ലയിൽ പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്ന അപകടങ്ങളിൽ 11 ശതമാനവും നടക്കുന്നത് ഈ പാതയിലാണ്. ജില്ലയിലെ പ്രധാന റോഡുകളിൽ 0.48 ശതമാനം മാത്രമായ ഈ ദൂരത്തിൽ നടക്കുന്ന അപകടത്തിന്റെ എണ്ണം വളരെ വലുതാണ്. പറളി, മങ്കര, പത്തിരിപ്പാല, ലക്കിടി, കൂട്ടുപാത, മംഗലം, ഒറ്റപ്പാലം, വാണിയംകുളം തുടങ്ങിയ പ്രധാന കവലകൾ കടന്നുപോകുന്ന സംസ്ഥാന പാതയിൽ മിക്കയിടത്തും സിഗ്നൽ സംവിധാനം കാര്യക്ഷമമല്ല. ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന സ്പീഡ് ബ്രേക്കറുകൾ മിക്കതും അപ്രത്യക്ഷമായി. റോഡിലെ സീബ്രലൈനുകൾ ദൂരെ നിന്നും തിരിച്ചറിയാൽ കഴിയാത്തതും അപകട തോത് വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.