അപ്രതീക്ഷിത മഴ; നഗര റോഡുകൾ വെള്ളത്തിൽ
text_fieldsപാലക്കാട്: കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളം കയറിയതോടെ വാഹന-കാൽനട യാത്രക്കാർ ദുരിതത്തിലായി. ബുധനാഴ്ച വൈകീട്ടോടെ പെയ്ത മഴയിലാണ് നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിലായത്.
റോബിൻസൺ റോഡ്, ടിബി റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. വൈകീട്ട് നാലുമണിയോടെ തുടങ്ങിയ മഴ അരമണിക്കൂറോളം പെയ്തതോടെയാണ് റോഡുകൾ വെള്ളത്തിലായത്. റോഡിനിരുവശത്തെ അഴുക്കുചാലുകളിലൂടെ വെള്ളം ശരിയായി ഒഴുകിപ്പോകാത്തതാണ് റോഡിലേക്കു വെള്ളം കയറാൻ കാരണം. റോഡിൽ രണ്ടടിയോളം ഉയരത്തിൽ വെള്ളമായതോടെ റോഡെന്നോ നടപ്പാതയെന്നോ അറിയാതെ കാൽനടയാത്രക്കാരും വട്ടംകറങ്ങി. ഇരുചക്രവാഹനങ്ങളുമെല്ലാം വെള്ളത്തിലൂടെ പോകുന്ന കാഴ്ചയായിരുന്നു വൈകീട്ട് റോബിൻസൺ റോഡിലും ടിബി റോഡിലും കാണാനാനായത്.
നഗരത്തിലെ റോഡുകളിൽ നവീകരണ പ്രവൃത്തികൾ നടത്തുമ്പോഴും മിക്കയിടത്തും അഴുക്കുചാലുകൾ നവീകരിക്കാത്തതാണ് തൽസ്ഥിതിക്ക് കാരണമാകുന്നത്.
ബി.ഒ.സി റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, എരുമക്കാരത്തെരുവ് എന്നിവിടങ്ങളിലും സമാന സ്ഥിതിയുണ്ടാകാറുണ്ട്. കനത്ത മഴയിൽ റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം പിന്നീട് ഒഴുകിപ്പോവുമെങ്കിലും തിരക്കേറിയ റോഡുകളിൽ ഇത്തരം വെള്ളക്കെട്ടുകൾ വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.