നിർമണത്തിൽ അശാസ്ത്രീയത; പുതുനഗരത്ത് മഴവെള്ളവും മലിനജലവും റോഡിൽ കെട്ടിനിൽക്കുന്നു
text_fieldsപുതുനഗരം: ടൗണിൽ റോഡ് നിർമണത്തിലെ അശാസ്ത്രീയത മഴവെള്ളവും മലിനജലം റോഡിൽ കെട്ടിനിൽക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കി. പുതുനഗരം കൊടുവായൂർ പ്രധാന റോഡിൽ പാലം ബസാറിൽ റെയിൽവേ മേൽപാലത്തിനടുത്താണ് 200 മീറ്ററിലധികം ദൈർഘ്യത്തിൽ മഴവെള്ളം കെട്ടിനിൽക്കുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും ഓടകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഓടകൾക്കകത്ത് കൂടെ ഈ വെള്ളം ഒഴുകി പോകാത്തതും റോഡ് കുറുകെ റെയിൽവേ മേൽപാലം നിർമിക്കുന്ന സമയത്ത് നിരപ്പ് അപാകതയും മഴവെള്ള കെട്ടിനിൽക്കുന്നതിന് കാരണമായി. റോഡിന്റെ ഇരുവശവും മുട്ടി മലിനജലവും മഴവെള്ളവും കെട്ടിനിൽക്കുന്നതിനാൽ വിദ്യാർഥികൾ റോഡിലെ വെള്ളത്തിലൂടെ കടക്കാനാവാതെ പ്രയാസപ്പെടുകയാണ്. മിക്ക വിദ്യാർഥികളും മഴവെള്ളക്കെട്ടിൽ വീഴുന്നത് പതിവാണ്.
പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ റോഡ് നിർമാണവും റോഡരികിലെ ഓടകൾ കൃത്യമായി പരിപാലിക്കാത്തതും മഴവെള്ളം ഒഴുകിപോകുവാനുള്ള സംവിധാനം കണ്ടെത്താത്തതുമാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡിന്റെ ഇരുവശത്തുമുള്ള ഓടകൾ സജീവമാക്കുകയും റോഡിലെ നിരപ്പ് വ്യത്യാസം പരിഹരിക്കുകയും മലിനജലം റോഡിൽ കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുകയും വേണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.