പൈപ്പ് സ്ഥാപിച്ചതിൽ അശാസ്ത്രീയത; കർഷകർ പ്രതിസന്ധിയിൽ
text_fieldsമലമ്പുഴ: കുടിവെള്ളം വിതരണത്തിനായി സ്ഥാപിച്ച പൈപ്പുകൾ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. മലമ്പുഴ അണക്കെട്ടിൽനിന്ന് ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ച പൈപ്പാണ് കർഷകർക്ക് ദുരിതമായത്.
ചെറാട് പാടശേഖരത്തെ വീടുകളിലെയും എലിച്ചിമരം മലയുടെ ഒരുവശത്തെ വീടുകളിലെയും വെള്ളം കനത്ത മഴ പെയ്യുമ്പോൾ മലമ്പുഴ-പാലക്കാട് റോഡിലെ പെട്രാൾ പമ്പിന് സമീപത്തെ ഓവുചാലിലൂടെയും നീറാത്തോടിലൂടെയുമാണ് ഒഴുകുന്നത്. കനത്ത മഴക്കാലത്ത് നീറാത്തോട് നിറയുന്ന സമയത്ത് ഓവുചാലിലൂടെ വേണം മുഴുവൻ വെള്ളവും ഒഴുകിപോകാനെന്നിരിക്കെ ഈ ചാലിനു കുറുകെയാണ് 450 എം.എം വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചത്.
ഇത്തരത്തിൽ പൈപ്പു സ്ഥാപിച്ചതുമൂലം കഴിഞ്ഞ മഴക്കാലങ്ങളിലെല്ലാം പ്രദേശത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ ചെറിയ മഴ പെയ്താൽപോലും വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ്. നിലവിൽ സ്ഥാപിച്ച പൈപ്പുമാറ്റി സുഗമമായ രീതിയിൽ വെള്ളമൊഴുകിപ്പോകാൻ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയം ചൂണ്ടിക്കാട്ടി മലമ്പുഴ പാടശേഖര സമിതി നേതൃത്വത്തിൽ ചിറ്റൂർ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ, പാലക്കാട് വാട്ടർ അതോറിറ്റി എൻജിനീയർ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
കാലവർഷം, ഇടവപ്പാതി, തുലാമഴ, വേനൽമഴ എന്നീ സമയങ്ങളിലാണ് മേഖലയിലെ കർഷകരുടെ നെഞ്ചിടിപ്പേറുന്നത്. കൃഷിക്ക് ജലസേചനത്തിന് വെള്ളമാവശ്യമാണെങ്കിലും ഇത്തരത്തിൽ അശാസ്ത്രീയമായ രീതിയിലെ പൈപ്പ് സ്ഥാപിക്കൽ മൂലം കർഷകർ പ്രതിസന്ധിയിലാണ്. കടമെടുത്തും വായ്പയെടുത്തും വന്യമൃഗശല്യം നേരിട്ടും കൃഷിയിറക്കി ഉപജീവനം തേടുന്ന കർഷകർ അധികൃതരുടെ ഭാഗത്തുനിന്നും ഉചിതമായ പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ്. അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും നിലവിൽ തടസ്സമാകുന്ന പൈപ്പ് മാറ്റി സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരുൾപ്പെടുന്ന പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.