മുൻകരുതലുകളില്ലാതെ കളനാശിനി പ്രയോഗം
text_fieldsപുതുനഗരം: മുൻകരുതലുകൾ സ്വീകരിക്കാതെ കളനാശിനി പ്രയോഗം വ്യാപകം. കേരള സർക്കാർ നിയന്ത്രിച്ചതും നിരോധിച്ചതുമായ കളനാശിനികളാണ് നെൽപ്പാട വരമ്പുകളിലും മാവിൻതോട്ടങ്ങളിലും റോഡിന്റെ വശങ്ങളിലും തരിശുനിലങ്ങളിലുമെല്ലാം ഉപയോഗിക്കുന്നത്. റൗണ്ട് അപ്പ് പോലുള്ള കളനാശിനികൾ ഉപയോഗിക്കുമ്പോൾ കർശന നിർദേശങ്ങൾ കൃഷിവകുപ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെ മാസ്ക് ഉപയോഗിക്കാതെയും ഗ്ലൗസ് ധരിക്കാതെയുമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പുല്ലുവെട്ട് യന്ത്രം ഉപയോഗിച്ച് പാഴ് ചെടികൾ നീക്കം ചെയ്താൽ ഒരുമാസത്തിനകം വീണ്ടും വളർന്ന് കാടുപിടിക്കും എന്നതിനാലാണ് കളനാശിനി ഉപയോഗം വ്യാപകമായത്.
ജലാശയങ്ങൾക്ക് സമീപത്തും കുടിവെള്ള സ്രോതസ്സുകൾക്ക് സമീപത്തും ഇത്തരത്തിൽ നിരോധിത നിയന്ത്രിത കളനാശിനികൾ ഒരു മുൻകരുതലുകളും സ്വീകരിക്കാതെ പ്രയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികൾക്ക് ഏത് ഇടനാശിനിയാണ് ഉപയോഗിക്കുന്നത് എന്ന് അറിയാത്തതിന്റെ പ്രയാസവും കൃഷിയുടമകൾക്ക് ഏത് കളനാശിനിയാണ് ഉപയോഗിക്കേണ്ടത് ഏത് തോതിലാണ് എന്നുള്ളതിന്റെ നിർദേശവും ബന്ധപ്പെട്ട അധികൃതരിൽനിന്നും ലഭിക്കാത്തതും ഇത്തരത്തിൽ മാരക കളനാശിനികൾ ഉപയോഗിക്കാൻ വഴിവെക്കുന്നു. കിണറുകൾക്ക് സമീപത്തും പൊതുകുടിവെള്ള പദ്ധതികൾക്ക് സമീപത്തും സമാനമായ രീതിയിൽ കളനാശിനികൾ ഉപയോഗിച്ചാൽ മഴവെള്ളത്തിലൂടെ ഇത് കുടിവെള്ള സ്രോതസ്സുകൾ എത്താനും രോഗങ്ങൾക്കും വരെ വഴിവക്കുമെന്ന ഭീതിയും നിലനിൽക്കുന്നു. കളനാശിനിയുടെയും കീടനാശിനിയുടെയും പ്രയോഗം ജനങ്ങളിൽ എത്തിക്കാൻ നോട്ടീസ് പ്രചാരണവും ഉച്ചഭാഷിണി പ്രചാരണവും കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, പുതുനഗരം, കൊടുവായൂർ, പെരുവമ്പ്, പട്ടഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ നടത്തണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.