ഊട്ടറ പാലം: അറ്റകുറ്റപ്പണിക്കുശേഷം ലഘു വാഹനങ്ങൾ കടത്തിവിടാം
text_fieldsവടവന്നൂർ: ഊട്ടറ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതുവരെ വാഹന ഗതാഗത നിരോധനം തുടരുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ലക്ഷം രൂപയിൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ നടത്തി ഇരുചക്രവാഹനങ്ങളും ലഘു വാഹനങ്ങളും കടത്തിവിടാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും നേരിട്ട് ആവശ്യപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ രണ്ടുമാസത്തെ കാലാവധി ആവശ്യമാണ്. അത്രയും ദിവസങ്ങളിലേക്ക് ഗതാഗത നിയന്ത്രണത്തിന് നാട്ടുകാർ സഹകരിക്കണമെന്ന് എം.എൽ.എ പറഞ്ഞു. എന്നാൽ, ആംബുലൻസ് ഉൾപ്പെടെ അവശ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിലവിലെ ഗർത്തത്തിന് സമീപത്തുകൂടെ കടത്തിവിടണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.
എന്നാൽ, അറ്റകുറ്റപ്പണിക്കുശേഷം മാത്രം കടത്തിവിടാമെന്നാണ് പൊതുമരാമത്ത് വകുപ്പ് പാലക്കാട് എക്സി. എൻജിനീയർ സി. റിജോ റീന, അസി. എക്സി. എൻജിനീയർ സിനോജ് ജോയ് എന്നിവർ അറിയിച്ചതെന്ന് എം.എൽ.എ യോഗത്തിൽ വ്യക്തമാക്കി.
കൂടാതെ ആലമ്പള്ളം ചപ്പാത്തിൽ ഉണ്ടായ രണ്ട് വിള്ളലുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും നിർദേശമുണ്ടായി. ചപ്പാത്തിൽ തകർന്ന കൈവരികൾ നിർമിക്കാൻ കൊല്ലങ്കോട്, വടവന്നൂർ പഞ്ചായത്തുകൾ സംയുക്തമായി ശ്രമിക്കുമെന്ന് കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ. സത്യപാൽ പറഞ്ഞു. കൂടാതെ പാലത്തിന്റെ ഇരുവശത്തും ലൈറ്റ് സ്ഥാപിക്കാനും സി.സി.ടി.വി കാമറ സ്ഥാപിക്കുവാനും നിർദേശം ഉണ്ടായി. ചരക്ക് വാഹനങ്ങൾ ചപ്പാത്തിലൂടെ ഒരു കാരണവശാലും കടത്തിവിടരുതെന്നും നിയമനടപടി കർശനമാക്കുവാനും തീരുമാനമായി. കൊല്ലങ്കോട് നിന്നും പാലക്കാട്ടേക്ക് പോകേണ്ട ആനമറി, കാമ്പ്രത്ത്ച്ചള്ള, നണ്ടൻകിഴായ എന്നീ വഴികളിൽ ബോർഡുകൾ സ്ഥാപിക്കാൻ പൊലീസ് തീരുമാനിച്ചു. ഊട്ടറ പാലത്തിലൂടെ കാൽനടയാത്രക്കാർക്ക് കടക്കാൻമാത്രമായി ബാരിക്കേഡുകൾ പുനഃക്രമീകരിക്കാനും തീരുമാനമായി.
റീത്തുവെച്ച് പ്രതിഷേധിച്ചു
കൊല്ലങ്കോട്: പത്ത് വർഷം മുമ്പേ ഊട്ടറ പാലം അപകടമാണെന്ന മുന്നറിയിപ്പ് കിട്ടിയിട്ടും പാലം ബലപ്പെടുത്താത്തതിനെതിരെ ബി.ഡി.ജെ.എസ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി പാലത്തിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ദിവാകരൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ആർ. അരവിന്ദാക്ഷൻ, ജി. സജീഷ്, ജി. അനിൽ, എസ്. വത്സൻ, സി. രാജേഷ്, എ. ഗംഗാധരൻ, വി. സുദേവൻ, ടി. സഹദേവൻ, കെ. അനന്തകൃഷ്ണൻ, സി. കാശു, എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.