മൊബൈൽ വെട്ടത്തിൽ കുത്തിവെപ്പ്: ഇത് അട്ടപ്പാടി ഉൗരിലെ കാഴ്ച
text_fieldsപാലക്കാട്: കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ച് കുത്തിവെപ്പ് ക്യാമ്പുകള്‍ സജീവം. ഊരുകളിലെ 45 വയസ്സിന് മുകളിലുള്ള 60 ശതമാനം പേര്‍ക്കും ഇതിനോടകം വാക്സിന് നല്കി കഴിഞ്ഞു.
18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന് പുരോഗമിക്കുന്നതായും അടുത്ത ഒരുമാസത്തിനകം ഊരുകളില്‍ എല്ലാവര്ക്കും വാക്സിനേഷന് എത്തിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും അട്ടപ്പാടി േബ്ലാക്ക് മെഡിക്കൽ ഒാഫിസർ ഡോ. ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ തൂവ, ഉറിയന്‍ചാള, മൂലഗംഗല്‍, വെള്ളക്കുളം, വെച്ചപ്പതി തുടങ്ങിയ വിദൂര ആദിവാസി ഊരുകളില്‍ പകല്‍ സമയം ഊരുനിവാസികള്‍ ആടുകളും പശുക്കളും മേയ്ക്കാന്‍ കാട് കയറി പോവുന്നതിനാല്‍ വൈകുന്നേരങ്ങളില്‍ ഊരുകളിലെത്തി രാത്രി ഏറെ വൈകിയും ഇവര്‍ക്ക് വാക്സിനേഷന് നൽകുന്നുണ്ട്. വൈദ്യുതി എത്താത്ത ഉൗരുകളിൽ പലപ്പോഴും രാത്രി മൊബൈൽ ഫോൺ വെളിച്ചത്തിലാണ് കുത്തിവെപ്പ് നടത്തുന്നത്.
ഊരുകളില്‍ കോവിഡ് പോസിറ്റിവാകുന്ന ഗര്‍ഭിണികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നതിനായി അഗളി സി.എച്ച്.സിയിലെ രണ്ടാംതല ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി ആവശ്യമായ പരിചരണം ഉറപ്പുവരുത്തുന്നുണ്ട്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ വെൻറിലേറ്ററുകള്‍ സജ്ജമാക്കുന്നതായും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ആനവായ്, തുഡുക്കി, ഗലസി ഉള്‍പ്പടെയുള്ള ഉള്‍പ്രദേശങ്ങളിലെ ഊരുകളില്‍ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്സിനേഷന് എടുപ്പിക്കുന്നുണ്ട്. വരുംദിവസങ്ങളിലും അത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.