ബാക്ടീരിയയും അധിക അമ്ലതയും; നെല്ലിൽ ഓലകരിച്ചിൽ വ്യാപകം
text_fieldsവടക്കഞ്ചേരി: പാടശേഖരങ്ങളിൽ ഓലകരിച്ചിൽ വ്യാപകമായതോടെ കർഷകർ പ്രതിസന്ധിയിൽ. ബാക്ടീരിയയും അധിക അമ്ലതയുമാണ് ഒാലകരിച്ചിലിന് കാരണം.
നട്ട് ഒരു മാസം പ്രായമായ നെൽച്ചെടികളിൽ 'ക്രെസക്' എന്ന പേരുള്ള ബാക്ടീരിയൽ ഓലകരിച്ചിലാണ് കാണപ്പെടുന്നത്. നുരിയിലെ പുറത്തുള്ള നെൽച്ചെടിയിൽ പച്ചനിറത്തിലുള്ള ഓലകൾക്ക് വാട്ടം വരുകയും ഉണങ്ങി വൈക്കോൽപോലെ വരുന്നതുമാണ് ലക്ഷണം. നുരിയിലെ ഒരുചെടിയിൽ ആരംഭിച്ച് വെള്ളത്തിലൂടെ എല്ലാ ചെടിയിലേക്കും പടരും.
ബ്ലീച്ചിങ് പൗഡർ ഏക്കറിന് അഞ്ച് കിലോഗ്രാം അളവിൽ ചെറിയ കിഴികളിലാക്കി കരിച്ചിൽ കാണുന്ന നുരികൾക്കു ചുറ്റിലും കഴായിലും ഇട്ടുകൊടുക്കണം. 20 ഗ്രാം സ്യുഡോമോണസ് എന്ന മിത്രബാക്ടീരിയ, ഒരു കിലോഗ്രാം പുതിയ ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ ചേർത്ത് തളിക്കാം. നെല്ലിെൻറ തണ്ടിന് ചുറ്റും അഴുകിയ പോലെ കറുത്ത നിറത്തിൽ കാണപ്പെടുകയും വേരുകൾ ദ്രവിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ആന്റിബയോട്ടിക്കിനൊപ്പം കുമിൾനാശിനികളിലൊന്ന് ചേർത്ത് 100 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കാം.
ഒന്നാം വിളക്കാലത്ത് പെയ്ത കനത്ത മഴയിൽ മണ്ണിലെ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ വൻതോതിൽ ഒഴുകി നഷ്ടപ്പെട്ടത് മണ്ണിലെ അമ്ലത കൂടാൻ കാരണമായി. അമ്ലത കൂടിയ നെൽപ്പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ ഇരുമ്പ്, അലുമിനിയം തുടങ്ങിയ മൂലകങ്ങൾക്ക് നിരോക്സീകരണം സംഭവിച്ച് പാടത്തെ ജലനിരപ്പിനു മുകളിൽ ചുവന്ന പാടയായി (ചെമ്പാട) കാണപ്പെടും.
മണ്ണിൽ അധികമുള്ള ഇരുമ്പ്, നെൽച്ചെടികൾ ആഗിരണം ചെയ്യുന്നതിനാൽ ഇലകൾക്ക് തുരുമ്പു നിറമുണ്ടായി ഓലകരിച്ചിൽ രൂക്ഷമാകും. അമ്ലത കൂടിയ മണ്ണിൽ വളമിട്ടാൽ ശരിയായി വലിച്ചെടുക്കാൻ നെൽച്ചെടികൾക്ക് സാധിക്കില്ല. ഏക്കറിന് 150 കിലോഗ്രാം കുമ്മായം വിതറി ഒരാഴ്ച കഴിഞ്ഞ് വെള്ളം കയറ്റിയിറക്കിയ ശേഷം മേൽവള പ്രയോഗം നടത്താം.
ആദ്യ വളപ്രയോഗം കഴിഞ്ഞ് 20 ദിവസത്തിനുള്ളിലോ നട്ട് 25 ദിവസം കഴിഞ്ഞോ രണ്ടാം വളമായി ഏക്കറിന് 50 കിലോഗ്രാം ഫാക്ടംഫോസ്, 10 കിലോഗ്രാം യൂറിയ, 15 കിലോഗ്രാം പൊട്ടാഷ് എന്നിവയോടൊപ്പം സൂക്ഷ്മ മൂലകക്കൂട്ട് നാല് കിലോഗ്രാം കൂടി കലർത്തി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.