നാട്ടുകാരുടെ വാഹനങ്ങൾ തടഞ്ഞു; പന്നിയങ്കര ടോൾ പ്ലാസയിൽ സംഘർഷം
text_fieldsവടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ നാട്ടുകാരുടെ വാഹനങ്ങൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നില്ലെങ്കിലും പ്രദേശവാസികളുടെ വാഹനങ്ങൾ സൗജന്യമായി കടത്തിവിടാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ബുധനാഴ്ച വൈകുന്നേരം ടോൾ പ്ലാസ ജീവനക്കാർ നാട്ടുകാരുടെ വാഹനങ്ങൾ തടയുകയായിരുന്നു. തുടർന്ന് പ്രതിഷേധവുമായി ജനകീയവേദി പ്രവർത്തകരെത്തി.
ചെയർമാൻ ബോബൻ ജോർജ്, ജന. കൺവീനർ ജിജോ അറയ്ക്കൽ, മോഹനൻ പള്ളിക്കാട്, സി.സി. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ബാരിക്കേഡ് ഉയർത്തി വാഹനങ്ങൾ കടത്തിവിട്ടു.
ഇതോടെ വടക്കഞ്ചേരി സി.ഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പൊലീസെത്തി. നാട്ടുകാരുടെ അവകാശം നിഷേധിച്ചാൽ സമരം ശക്തമാക്കുമെന്ന് അറിയിച്ചതോടെ പ്രദേശത്തുകാരുടെ വാഹനങ്ങൾ ഇരു ഭാഗത്തേയും ഒന്നാം നമ്പർ ലൈനിലൂടെ കടത്തിവിടാൻ അധികൃതർ തയാറായി. ഇതോടെ സമരം അവസാനിപ്പിച്ചെങ്കിലും പ്രദേശവാസികൾക്ക് സൗജന്യ യാത്ര നിഷേധിച്ചാൽ ഇന്നും സമരം തുടരുമെന്ന് ജനകീയവേദി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.