സുരക്ഷ നിർദേശങ്ങൾക്ക് പുല്ലുവില; ചീറിപ്പാഞ്ഞ് ടിപ്പറുകൾ
text_fieldsവടക്കഞ്ചേരി: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ കരിങ്കല്ല് കയറ്റി പട്ടണത്തിലൂടെ ചീറിപ്പായുന്ന ടിപ്പറുകൾക്കെതിരെ നടപടിയെടുക്കാനോ നിയന്ത്രിക്കാനോ അധികൃതർ തയാറാവുന്നില്ലെന്ന് പരാതി. നിയന്ത്രണമുള്ള സ്കൂൾ സമയങ്ങളിൽ പോലും അപകടം വരുത്തുന്ന രീതിയിലുള്ള ട്രിപ്പുകളുടെ മരണപ്പാച്ചിൽ വടക്കഞ്ചേരി മേഖലയിൽ പതിവ് കാഴ്ചയാണ്.
കരിങ്കല്ല് മൂടിവെച്ചും വേണ്ട സുരക്ഷ ഒരുക്കിയും മാത്രമേ കൊണ്ടുപോകാവൂ എന്ന നിയമം കാറ്റിൽ പറത്തിയാണ് നഗരമധ്യത്തിലൂടെ ടിപ്പറുകളുടെ ഈ മരണപ്പാച്ചിൽ. കുഴിയിൽ ചാടുകയോ, വാഹനം വെട്ടിച്ച് എടുക്കുകയോ ചെയ്താൽ കരിങ്കല്ല് താഴെവീണ് അപകടസാധ്യത ഏറെയാണ്. ടിപ്പറിൽ നിന്നുള്ള പാറപ്പൊടി ഇരുചക്ര യാത്രക്കാർക്ക് ഭീഷണിയാണ്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, മംഗലംഡാം തുടങ്ങിയ മേഖലകളിൽ ടിപ്പറുകളിലും മറ്റു വാഹനങ്ങളിലും അളവിൽ കൂടുതൽ കരിങ്കല്ല് കയറ്റി സുരക്ഷാക്രമീകരണം ഒരുക്കാതെ യാത്ര നടത്തുന്നത് പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ഓടിക്കൊണ്ടിരിക്കുമ്പോൾ കരിങ്കല്ല് താഴേക്ക് വീഴുമോ എന്ന ആശങ്കയിൽ മറ്റു വാഹനയാത്രക്കാരും പേടിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പൊതുജനാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.