ഗൃഹനാഥന്റെ മരണം: വനം വകുപ്പ് ഓഫിസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം
text_fieldsവടക്കഞ്ചേരി: മംഗലം ഡാം ഓടംതോട്ടിൽ ഗൃഹനാഥന്റെ ആത്മഹത്യക്ക് കാരണമായത് വനം വകുപ്പിന്റെ മാനസിക പീഡനമാണെന്നാരോപിച്ച് മൃതദേഹവുമായി വനം വകുപ്പ് ഓഫിസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. ഓടംതോട് കാനാട്ട് വീട്ടിൽ സജീവാണ് (54) കഴിഞ്ഞദിവസം മരിച്ചത്.
ടാപ്പിങ് തൊഴിലാളിയായ സജീവിനെ കവിളുപാറയിലെ തോട്ടത്തിലെ വീടിന് മുന്നിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് വിഷം അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 11ന് ഓടംതോട്ടിലെ തോട്ടത്തിൽ പുലി ചത്ത സംഭവവുമായി ബന്ധപ്പെട്ട് സജീവിനെ വനം വകുപ്പ് അധികൃതർ ചോദ്യം ചെയ്തിരുന്നു. ഇതിൽ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വനം വകുപ്പ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാരോപിച്ചാണ് നാട്ടുകാർ മൃതദേഹവുമായി കരിങ്കയം ഫോറസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചത്.
മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് അരമണിക്കൂറോളം ഓഫിസിന് മുന്നിൽ നിർത്തിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. പുലി ചത്തതിന്റെ പേരിൽ വനം വകുപ്പ് അധികൃതർ കർഷകരോട് കാണിക്കുന്ന പീഡനം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ആലത്തൂർ സി.ഐ ടി.എൻ. ഉണ്ണികൃഷ്ണൻ, നെന്മാറ എസ്.ഐ വിവേക് നാരായണൻ, വടക്കഞ്ചേരി എസ്.ഐ പി. ബാബു, മംഗലം ഡാം എ.എസ്.ഐ സജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. സജീവിന്റെ മൃതദേഹം ഐവർമഠത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.