ലഹരിക്കടത്ത് സംഘം പൊലീസ് ജീപ്പിൽ കാറിടിപ്പിച്ചു; എസ്.ഐക്ക് പരിക്ക്
text_fieldsവടക്കഞ്ചേരി: കഞ്ചാവും എം.ഡി.എം.എയും കടത്തിയ കാർ പൊലീസ് ജീപ്പിലിടിപ്പിച്ച് രക്ഷപ്പെടാൻ ലഹരിക്കടത്ത് സംഘം നടത്തിയ ശ്രമത്തിൽ എസ്.ഐക്ക് പരിക്ക്. വടക്കഞ്ചേരി ട്രാഫിക് എസ്.ഐ മോഹൻദാസിനാണ് പരിക്കേറ്റത്. സംഭവത്തിൽ തൃശൂർ മുള്ളൂർക്കര വാഴക്കോട് അഴീക്കൽ സ്വദേശി മുഹമ്മദ് ബഷീർ (28), ചെർപുളശ്ശേരി എലിയമ്പറ്റ സ്വദേശികളായ മുഹമ്മദ് ജൗഫർ (25), സെയ്തലവി (27) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവും 100 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വടക്കഞ്ചേരി പൊലീസ് പിന്തുടർന്ന കാറിലുള്ളവരാണ് വാണിയംപാറയിൽ പൊലീസ് ജീപ്പിടിച്ച് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഞ്ചാവുമായി അതിർത്തി കടന്ന് കാർ വരുന്നുണ്ടെന്ന വിവരത്തെതുടർന്ന് പാടൂർ തോണിക്കടവിൽ പ്രതികളെ വടക്കഞ്ചേരി പൊലീസ് പിന്തുടർന്നു.
ഇതോടെ അപകടകരമായ രീതിയിൽ ഓടിച്ചുപോയ കാർ ബൈക്കുകളെയും മറ്റ് വാഹനങ്ങളെയും ഇടിച്ചിട്ടു. ഇതോടെ നാട്ടുകാരും പ്രതികളെ പിന്തുടർന്നു. വാണിയമ്പാറ മേലേ ചുങ്കത്ത് മറ്റൊരു പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് തടയാൻ ശ്രമിച്ചപ്പോഴാണ് ഇടിച്ച് തെറിപ്പിച്ചത്. ഇതോടെ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടതിനാലാണ് പ്രതികളെ വലയിലാക്കാൻ പൊലീസിന് സാധിച്ചത്. കാർ വാടകക്കെടുത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്തുന്ന സംഘമാണ് അറസ്റ്റിലായത്. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജീഷ് മോൻ വർഗീസ്, എച്ച്. ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.