പണയം വെച്ച സ്വർണം മറിച്ചുവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പെന്ന്
text_fieldsവടക്കഞ്ചേരി: മണപ്പുറം ഫിനാൻസ് വടക്കഞ്ചേരി ശാഖയിൽ സ്വർണപ്പണയ വായ്പയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായവർ ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
സ്ഥാപനത്തിന്‍റെ വടക്കഞ്ചേരി ശാഖയിലെ ജീവനക്കാരാണ് തട്ടിപ്പിന് പിന്നിലെന്നാന്ന് മണപ്പുറം ഫിനാൻസ് അധികൃതർ പറയുന്നത്. പലരിൽനിന്നായി 18 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സേഫ് ലോക്കറിൽ വെച്ചിരിക്കുന്ന സ്വർണം ഉടമയറിയാതെ മറിച്ച് പണയംവെച്ചും ഇവിടെ പണയം വെച്ചവരുടെ സ്വർണം കൂടുതൽ തുകക്ക് പണയം വെച്ചുമാണ് തട്ടിപ്പ്. ഇത്തരത്തിൽ 50 പവൻ സ്വർണം നഷ്ടമായതായി കണ്ണമ്പ്ര കാരപൊറ്റ പുത്തൻപുരയിൽ സുരേഷ് കുമാർ പറഞ്ഞു.
സുരേഷ്കുമാർ ലോക്കറിൽ സൂക്ഷിക്കാൻ നൽകിയ 50 പവൻ സ്വർണം ഇദ്ദേഹം അറിയാതെ ഇവരുടെ പേരിലും മറ്റ് രണ്ടുപേരിലുമായി 15 ലക്ഷത്തോളം രൂപക്ക് ഇതേ ബ്രാഞ്ചിൽ വ്യാജ ഒപ്പിട്ട് പണയംവെച്ചിരിക്കുകയാണ്.
പണയംവെച്ചവരുടെ വീടുകളിലേക്ക് നോട്ടീസ് ലഭിച്ചപ്പോഴാണ് വിവരം ഇവർതന്നെ അറിയുന്നത്. ഇതിനുപുറമെ വടക്കഞ്ചേരി നായർത്തറ ലീല 25 പവൻ സ്വർണം പണയം വെച്ച് 5,56,000 രൂപ വായ്പയെടുത്തിരുന്നു. എന്നാൽ, ജീവനക്കാർ ഇതേ സ്വർണം 7, 05,000 രൂപക്ക് മറിച്ചുവെക്കുകയായിരുന്നു.
മഞ്ഞപ്ര കിഴക്കുമുറി സുനിലിന്‍റെ 65,000 രൂപക്ക് പണയംവെച്ച നാലുപവൻ സ്വർണം 98,000 രൂപക്ക് മറിച്ചുവെച്ചു. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട കണ്ണമ്പ്ര കല്ലേരി ചന്ദ്രശേഖരൻ 70,000 രൂപ അധികം നൽകി സ്വർണം തിരിച്ചെടുക്കുകയും ചെയ്തു.
ഇടപാടുകാരുടെ പരാതിയെ തുടർന്ന് മണപ്പുറം ഫിനാൻസ് അധികൃതർ നടത്തിയ പരിശോധനയിലും തട്ടിപ്പ് നടന്നതായി തെളിഞ്ഞു. ഇതേതുടർന്ന് മൂന്ന് ജീവനക്കാരെ പിരിച്ചുവിടുകയും അവർക്കെതിരെ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ബ്രാഞ്ച് മാനേജർ ചേലക്കര സ്വദേശി വിനായകൻ, അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ നെന്മാറ കൂടല്ലൂർ സ്വദേശി ശബരിനാഥൻ, കാഷ്യർ മുടപ്പല്ലൂർ സ്വദേശിനി മഹാലക്ഷ്മി എന്നിവർക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. ഇവർ ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ നഷ്ടപ്പെട്ട സ്വർണവും പണവും തിരിച്ച് ലഭ്യമാക്കാൻ മണപ്പുറം അധികൃതർ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവരും കുടുംബാംഗങ്ങളും വടക്കഞ്ചേരി ബ്രാഞ്ച് ഓഫിസിന് മുന്നിൽ ധർണ നടത്തി.
വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ബ്രാഞ്ച് ഓഫിസിന് മുന്നിൽ പ്ലക്കാർഡും ബോർഡും വെച്ചായിരുന്നു പ്രതിഷേധം. തങ്ങൾക്ക് നഷ്ടപ്പെട്ട സ്വർണം ലഭിക്കുംവരെ സമരം തുടരുമെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.