കണച്ചിപരുതയിലെ ഓക്സിജൻ പ്ലാൻറ് പ്രവർത്തനസജ്ജം
text_fieldsവടക്കഞ്ചേരി: മലയോര മേഖലയായ കിഴക്കഞ്ചേരി കണച്ചിപരുതയിലെ മെഡിക്കൽ ഓക്സിജൻ പ്ലാൻറ് ട്രയൽ റൺ കഴിഞ്ഞ് പ്രവർത്തനസജ്ജമായി. 99.99 ശതമാനവും പ്യൂരിറ്റിയുള്ള ഓക്സിജനാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. സ്ഥാപിച്ച െമഷിനറികളുടെ ടെസ്റ്റിങ് നടന്നുവരുകയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം കലക്ടർ ഉൾപ്പെടെയുള്ള സംഘം നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് അതിവേഗം ഉൽപാദനം തുടങ്ങാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് കമ്പനി അധികൃതർ. പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷെൻറ (പെസോ) അനുമതി ലഭിച്ചതിനാൽ മറ്റുതടസ്സങ്ങൾ ഒന്നുമില്ലെന്നും വിവിധ െമഷിനറികൾ പ്രവർത്തനസജ്ജമാക്കുന്ന പണികളാണ് നടന്നുവരുന്നതെന്നും കമ്പനി ഉടമ പീറ്റർ സി. മാത്യൂസ് പറഞ്ഞു. ഉൽപാദനം തുടങ്ങുന്നതോടെ കേരളത്തിലെ ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഓക്സിജൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ദിവസേന 5,000 ക്യുബിക് മീറ്റർ ഓക്സിജൻ ഉൽപാദനമാണ് കണച്ചിപരുതയിൽ കമ്പനി ലക്ഷ്യമിടുന്നത്. അന്തരീക്ഷവായുവിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്ന എ.എസ്.യു (എയർ സെപറേഷൻ) യൂനിറ്റാണിത്. വിവിധ െമഷിനറികൾ പ്രവർത്തിപ്പിക്കാൻ പ്രാവീണ്യമുള്ളവരും ഇവിടെയെത്തിയിട്ടുണ്ട്.
40 കിലോ ലിറ്റർ സംഭരണ ശേഷിയുള്ള പ്ലാൻറിൽ മണിക്കൂറിൽ 260 ക്യുബിക് മീറ്റർ വാതക ഓക്സിജനും 235 ലീറ്റർ ദ്രവ ഓക്സിജനും നിർമിക്കാനാകും. ഓക്സിജെൻറ ഉൽപാദനം, സംഭരണം, വിതരണം എന്നിവ നിയന്ത്രിക്കാൻ പെസോ നോഡൽ ഓഫിസറെയും നിയമിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേക്കും ആവശ്യമുള്ള ഓക്സിജെൻറ അളവ് ആരോഗ്യ വകുപ്പ് അറിയിക്കുന്നതിനനുസരിച്ചായിരിക്കും വിതരണം ചെയ്യുക. കണച്ചിപരുത മലയോരത്ത് ശുദ്ധമായ അന്തരീക്ഷ വായുവാണുള്ളത്. ഇതിനാൽ തന്നെ മികച്ച നിലവാരത്തിലുള്ള ഓക്സിജൻ ഇവിടെ ഉൽപാദിപ്പിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.