വൻ വ്യാജകള്ള് നിർമാണ കേന്ദ്രം പ്രവർത്തിച്ചത് എക്സൈസ് ഒാഫിസിെൻറ മൂക്കിന് താഴെ; പിടികൂടിയത് 300 കിലോമീറ്റർ ദൂരെനിന്ന് വന്ന സ്ക്വാഡ്
text_fieldsവടക്കഞ്ചേരി അണക്കപ്പാറയിൽ വൻ വ്യാജകള്ള് നിർമാണ കേന്ദ്രം പകൽ വെളിച്ചത്തിൽ പ്രവർത്തിച്ചിരുന്നത് എക്സൈസ് ഒാഫിസിെൻറ മൂക്കിന് താഴെയായിരുന്നു. വർഷങ്ങളായി ഇൗ കേന്ദ്രത്തിൽ സ്പിരിറ്റ് എത്തുകയും അത് വ്യാജകള്ളായി ഷാപ്പുകളിലേക്ക് ഒഴുകിയിട്ടും എക്സൈസ് ഉദ്യോഗസ്ഥർ കണ്ണടച്ചു. തിരുവനന്തപുരത്തുനിന്ന് എൻഫോഴ്സ്മെൻറ് സ്ക്വാഡ് രഹസ്യമായി എത്തിയാണ് കേന്ദ്രം റെയ്ഡ് ചെയ്ത് വ്യാജകള്ള് പിടിച്ചത്.
പാലക്കാട് ജില്ലയിലെ എക്സൈസ് സംഘങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനിടെ, സ്പിരിറ്റും കഞ്ചാവും അടക്കം നിരവധി കേസുകൾ പിടികൂടിയിട്ടുണ്ടെന്നുള്ളത് നേരാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഉദ്യോഗസ്ഥർ വകുപ്പിൽ നിരവധിയുണ്ട്. എന്നാൽ, ചെത്തുകള്ളിന് പകരം ഷാപ്പുകളിലേക്ക് എത്തുന്ന വ്യാജമദ്യത്തിെൻറ ഒഴുക്ക് തടയാൻ എക്സൈസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ ആശീർവാദത്തോടെ, അരങ്ങുവാഴുന്ന മദ്യമാഫിയയുടെ ഉള്ളറകളിലേക്ക് 'മാധ്യമം' ലേഖകർ നടത്തുന്ന അന്വേഷണം ഇന്നുമുതൽ
വ്യാജനുണ്ടോ, ലക്ഷങ്ങൾ കൈക്കൂലി കൊടുത്താലും ലാഭം
കള്ളുഷാപ്പുകളിൽ വിൽക്കുന്നതിൽ നല്ലൊരു പങ്കും സ്പിരിറ്റ് ചേർത്ത വ്യാജനാണെന്നും യഥാർഥ ചെത്ത് കള്ള് എവിടെയും കിട്ടാനില്ലെന്നതും ഇൗ മേഖലയിലുള്ളവർക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. നിയമപ്രകാരം പനയിൽനിന്നും തെങ്ങിൽനിന്നും ചെത്തിയ കള്ള് മാത്രമേ, ലൈസൻസികൾക്ക് ഷാപ്പുകളിലൂടെ വിൽക്കാൻ അനുവാദമുള്ളൂ. എന്നാൽ, ചെത്തുന്ന തെങ്ങുകളുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരുന്നതിനാൽ വിൽപനക്ക് ലഭ്യമാവുന്ന കള്ളിെൻറ അളവും നാമമാത്രം. പകരം, ഇതരസംസ്ഥാനങ്ങളിൽനിന്ന് സ്പരിറ്റ് കടത്തികൊണ്ടുവന്ന് വ്യാജകള്ളാക്കി വിൽപന നടത്തുകയാണ് മദ്യമാഫിയ. ഇതിന് ഉദ്യോഗസ്ഥരുടെ മൗനാനുവാദം കൂടിയാകുേമ്പാൾ വിൽപന പൊടിപൊടിക്കും. കള്ളുഷാപ്പ് ലൈസൻസ് എടുത്ത് കച്ചവടം നടത്തുന്നവർ ലക്ഷങ്ങൾ കൈക്കൂലി കൊടുത്തിട്ടും തടിച്ചുകൊഴുക്കുന്നത് സ്പിരിറ്റ് ചേർത്ത വ്യാജമദ്യം വിറ്റഴിച്ചാണ്. കള്ളുഷാപ്പുകളിലേക്ക് വ്യാജകള്ള് എത്തുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന രഹസ്യകേന്ദ്രങ്ങളിൽനിന്നാണ്. വർഷങ്ങളായി പലയിടത്തും ഇവ നിർബാധം പ്രവർത്തിക്കുമ്പോഴും അവക്ക് നേരെ കണ്ണടക്കുകയാണ് അധികാരികൾ.
ഉദ്യോഗസ്ഥർ കണ്ണടക്കും, ജനം വ്യാജൻ അകത്താക്കും
വടക്കഞ്ചേരി അണക്കപാറക്ക് സമീപമുള്ള കള്ള് ഗോഡൗണിലും പാണ്ടാംകോട്ടെ വീട്ടിലുമായി സൂക്ഷിച്ച 1,435 ലിറ്റർ സ്പിരിറ്റ്, സ്പിരിറ്റ് ചേർത്ത കള്ള്, 500 ലിറ്റർ പഞ്ചസാര ലായനി എന്നിവ എക്സൈസ് എൻഫോഴ്സ്മെൻറ് പിടിച്ചെടുത്തത് നേരിട്ടെത്തിയാണ്. ജില്ലയിലെ എക്സൈസിനെ മൂൻകൂട്ടി അറിയിക്കാതെ സംസ്ഥാന സ്ക്വാഡ് നേരിട്ടെത്തിയാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
എക്സൈസ് ഓഫിസിൽനിന്ന് നാല് കിലോമീറ്റർ മാത്രം അകലെ പത്ത് വർഷമായി വ്യാജ കള്ള് നിർമാണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ട് ലോക്കൽ പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും കണ്ണടച്ചുവെന്നത് സംശയാസ്പദം. പ്രദേശികതലത്തിൽ ഉദ്യോഗസഥരുടെ പിന്തുണയോടെയാണ് വ്യാജമദ്യനിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് രമ്യ ഹരിദാസ് എം.പി ആരോപിക്കുന്നു.
ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലെ 30 ഷാപ്പുകളിലൂടെ വിതരണം നടത്തുന്നതിനാണ് സ്പരിറ്റ് ചേർത്ത കള്ള് നിർമിച്ചതെന്ന് പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, വർഷങ്ങളായി ഷാപ്പുകളിലേക്ക് വ്യാജമദ്യം എത്തിച്ചിട്ടും എക്സൈസിന് ഇവ കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് ദുരൂഹമാണ്. തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നിന്നാണ് അണക്കപ്പാറയിലേക്ക് സ്പിരിറ്റ് എത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഇതിന് സമാനമായാണ് െസപ്റ്റംബറിൽ ചേരാമംഗലത്തെ തോപ്പിൽനിന്ന് എക്സൈസ് ഇൻറലിജൻസിെൻറ നേതൃത്വത്തിൽ സ്പിരിറ്റ് പിടിച്ചത്. ഷാപ്പുകളിലേക്ക് ആവശ്യമായി വീര്യമുള്ള വ്യാജ കള്ള് ഉണ്ടാക്കുന്ന കേന്ദ്രമാണ് ചേരാമംഗലത്തെ തോപ്പിൽ പ്രവർത്തിച്ചിരുന്നത്. കുഴൽമന്ദം റേഞ്ചിലെ ആറ് ഷാപ്പുകളിലേയ്ക്കുള്ള വ്യാജ കള്ളാണ് ഇവിടെ നിർമിച്ചിരുന്നത്.
രഹസ്യങ്ങൾ ചോരും, വഴിപാടായി സാമ്പിൾ പരിശോധന
ആലത്തൂർ സർക്കിളിെൻറ പരിധിയിൽ വരുന്ന ഈ ഷാപ്പുകളിൽ ബന്ധപ്പെട്ടവർ വേണ്ട രീതിയിൽ നിരീക്ഷണം നടത്തുകയോ സാമ്പിൾ കൃത്യമായി ശേഖരിക്കുകയോ ഈ ഷാപ്പുകളിലേക്കു വരുന്ന കള്ള് വണ്ടികൾ പരിശോധന നടത്തുകയോ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് എക്സൈസ് ഇൻറലിജൻസ് നേരിട്ടെത്തി ചേരാമംഗലത്തെ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ഒറ്റപ്പാലം പനമണ്ണയിൽനിന്ന് ഏഴ് ലിറ്റർ സ്പിരിറ്റും, സ്പിരിറ്റ് കലക്കിയ 1000 ലിറ്റർ കള്ളും ഇവ കടത്താനായി ഉപയോഗിച്ച വാഹനവും പാലക്കാട് എക്സെസ് ഇൻറലിജൻസും ഒറ്റപ്പാലം റേഞ്ച് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു.
മദ്യമാഫിയയുടെ സ്വാധീനത്തിൽ കേസുകൾ എല്ലാം തേഞ്ഞുമാഞ്ഞ് ഇല്ലാതാകുകയാണ്. ഒരു വിഭാഗം ഉദ്യോഗസ്ഥർ ഷാപ്പുടമകളുടെ പിണിയാളുകളായി പ്രവർത്തിക്കുന്നതിനാൽ വകുപ്പിലെ രഹസ്യങ്ങൾ ചോരുന്നതും പതിവ്. വ്യാജമദ്യലോബിയെ അമർച്ച ചെയ്യാൻ ഇതും തടസ്സമാണെന്ന് ആത്മാർഥതയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു. തൃത്താല റേഞ്ചിൽ കള്ളുഷാപ്പിെൻറ പരിസരത്തുനിന്ന് സ്പിരിറ്റ് വണ്ടി കണ്ടെടുത്ത സംഭവത്തിൽ നടപടി ഉണ്ടാവാതിരുന്നത് ഉന്നതതല ഇടപെടലുകളെ തുടർന്നാണെന്ന് ആരോപണമുണ്ട്.
വീര്യമേറിയ വ്യാജ മദ്യം വിറ്റ് ലക്ഷങ്ങളാണ് ഷാപ്പുടമകൾ സമ്പാദിക്കുന്നത്. മറ്റ് ലഹരി വസ്തുക്കൾ, വാറ്റ് ചാരായം എന്നിവ കണ്ടെത്തുന്നതിൽ എക്സൈസ് വകുപ്പ് കാണിക്കുന്ന ജാഗ്രത ഉന്നത രാഷ്ട്രീയ പിടിപാടുള്ള, വൻകിട മാഫിയകൾ വാഴുന്ന ഈ മേഖലയിൽ കാണിക്കുന്നില്ലെന്ന് പരാതികൾ വ്യാപകമായതോടെ എക്സൈസ് വകുപ്പുതന്നെ കടുത്ത പ്രതിരോധത്തിലാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.