പാലക്കുഴിയിലെ മലമുകളില്‍ ഡിറ്റനേറ്ററുകള്‍ കണ്ടെത്തി
text_fieldsവടക്കഞ്ചേരി: പാലക്കുഴിയിലെ മലമുകളില്‍ ശക്തി കുറഞ്ഞ ഡിറ്റനേറ്ററുകള്‍ കണ്ടെത്തി. നാല് സെൻറിമീറ്റര്‍ നീളമുള്ള ഏഴെണ്ണമാണ് വടക്കഞ്ചേരി സി.ഐ എം. മഹേന്ദ്ര സിംഹന്, എസ്.ഐ എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് കണ്ടെടുത്തത്. നാട്ടുകാരായ ചിലര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പോത്തുമടയുടെ മുകളിലെ പാറയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയതെന്ന് സി.ഐ പറഞ്ഞു.
കാലപ്പഴക്കമുള്ള സാധാരണ ഡിറ്റനേറ്ററാണ്. പാലക്കുഴിയിലെ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ മംഗലം ഡാമിെൻറ മുകള്‍ പ്രദേശങ്ങളായ ഇവിടേക്ക് കയറി പോകാറുണ്ടെന്ന് പറയുന്നു. ഫോര്‍ വീല്‍ ജീപ്പുകള്‍ അടുത്തു വരെ പോകും. റെയ്സിങ് ബൈക്കുകളും ദുര്‍ഘട വഴികള്‍ താണ്ടി കുന്നിന്പുറത്തെത്താറുണ്ട്. ദൂരത്തു നിന്നുള്ള ചില സംഘങ്ങള്‍ തലേന്ന് വൈകീട്ട് വന്ന് കുന്നിന് മുകളില്‍ രാത്രി തങ്ങി പിറ്റേ ദിവസമാണ് തിരിച്ചു പോവുക.
വെള്ളച്ചാട്ടത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാറി വലിയ കുന്നിന്പുറമാണിത്. മൃഗവേട്ട ലക്ഷ്യം വെച്ചും രാത്രി തങ്ങുന്നവരുണ്ട്. ഇക്കൂട്ടത്തിലുള്ളവര്‍ ഉപേക്ഷിച്ചതാകും ഡിറ്റനേറ്ററുകളെന്ന സംശയമാണ് പൊലീസിനുള്ളത്. ഇതില്‍ മറ്റു പലതും കലര്‍ത്തി പന്നി, മാന്‍ എന്നിവയെ പിടിക്കാനാകുമെന്ന് പൊലീസ് പറഞ്ഞു. എക്സ്പ്ലോസീവ് കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പും സംഭവം സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.