മംഗലം ഡാം എന്ന് ഗ്രാമ പഞ്ചായത്താകും?
text_fieldsവടക്കഞ്ചേരി: മംഗലംഡാം കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപവത്കരണ ഫയൽ വെളിച്ചം കാണാതെ കിടക്കുന്നു. വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളെ വിഭജിച്ച് മലയോര മേഖലയെ ഉൾപ്പെടുത്തി പുതിയ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ജനങ്ങളുടെ വർഷങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമില്ലാത്തത്.
നിരന്തര രാഷ്ട്രീയ സമ്മർദങ്ങളുടെ ഫലമായി ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പഠനങ്ങൾ നടത്തി പുതിയ പഞ്ചായത്ത് രൂപവത്കരിക്കാനുള്ള തീരുമാനത്തിലെത്തിയിരുന്നു.
പുതിയ പഞ്ചായത്ത് രൂപവത്കരണ ഉത്തരവ് ഇറക്കുന്നതിന് തൊട്ടുമുമ്പായി കണ്ണൂർ ജില്ലയിലെ ഒരു പഞ്ചായത്ത് വിഭജനവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതോടെയാണ് പുതിയ പഞ്ചായത്തുകളുടെ നിർദേശം താൽക്കാലികമായി അന്ന് നിർത്തിവെച്ചത്. ഇതോടെയാണ് 15 വർഷം മുമ്പ് സർക്കാർ അംഗീകരിച്ച മംഗലംഡാം പഞ്ചായത്ത് പദ്ധതി നിലച്ചുപോയത്. കടപ്പാറ, കുഞ്ചിയാർപതി, തളികകല്ല്, ചൂരുപാറ തുടങ്ങി കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ ജനങ്ങൾ പഞ്ചായത്ത് ഓഫിസുകളിൽ എത്തുന്നത് 25ഉം 30ഉം കിലോമീറ്റർ യാത്ര ചെയ്താണ്. ഇരു പഞ്ചായത്തുകളിലും വിദൂര പ്രദേശങ്ങളിലേക്ക് പഞ്ചായത്ത് റോഡുകളുടെ നീളം കൂടുതലുള്ളതിനാൽ പരിപാലനം പോലും പലപ്പോഴും പൂർണമായും നടക്കാറില്ല. പകരം ഇപ്പോഴും പുതിയ വാർഡ് വിഭജനം നടത്തി വികസന സാധ്യതകളെയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
പുതിയ പഞ്ചായത്ത് രൂപവത്കരിക്കാത്തതിനാൽ അധികാര വികേന്ദ്രീകരണത്തിന് തടസ്സമാവുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. കോടതി പുതിയ പഞ്ചായത്ത് രൂപവത്കരണത്തിന് സ്റ്റേ നൽകിയെങ്കിലും അതിനുശേഷം നിരവധി പുതിയ കോർപറേഷനുകളും മുനിസിപ്പാലിറ്റികളും പലയിടത്തായി നിലവിൽ വന്നു.
അടുത്തുവരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളെ വിഭജിച്ച് മലയോര, ആദിവാസി മേഖല ഉൾപ്പെടുന്ന പ്രദേശത്തുള്ളവരുടെ സൗകര്യാർഥം മംഗലം പഞ്ചായത്ത് രൂപവത്കരിക്കണമെന്ന് ജനകീയ ആവശ്യം ശക്തമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.