മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത; അറുതിയില്ലാ ദുരിതം
text_fieldsവടക്കഞ്ചേരി: അപകടക്കെണികളൊളിപ്പിച്ച് മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാത. ഒരു കുഴിയിൽനിന്ന് മറ്റൊരു കുഴി എന്നനിലയിൽ ചാടിച്ചാടിയുള്ള യാത്രയിൽ വാഹനങ്ങൾ കേടുവന്നു നിൽക്കുന്നതും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാകുന്നു. കുഴികളിൽ മെറ്റലും പാറപ്പൊടിയും ചേർത്ത മിശ്രിതം മാത്രമിട്ട് അടക്കുന്നതിനാൽ വെയിലടിച്ചാൽ പാത പൊടിയിൽ മുങ്ങും.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലുണ്ടായിരുന്നു. 20 ദിവസം മുമ്പ് പാതയിലെ കുഴികൾ താൽക്കാലികമായി അടച്ചിരുന്നു. മഴ പെയ്തതോടെ കുഴികളെല്ലാം തുറന്നു. തകർന്ന കലുങ്ക് താൽക്കാലികമായി മൂടിയെങ്കിലും തകർച്ച വലുതായി. പണി കഴിച്ചയുടനെ തകർന്ന കലുങ്ക് വീണ്ടും പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തകർന്ന കലുങ്കിന് മുകളിൽ വലിയ ഇരുമ്പ് സ്ലാബ് സ്ഥാപിച്ച് അതിനു മുകളിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. കുറച്ചു വർഷങ്ങളായി സംസ്ഥാനപാതയിൽ ഓട്ടയടക്കൽ മാത്രമാണു നടക്കുന്നത്.
നല്ല രീതിയിലുള്ള റീടാറിങ് നടക്കുന്നില്ല. പാത നാലുവരിയായി വികസിപ്പിക്കും എന്നൊക്കെ പറഞ്ഞാണ് ടാറിങ് നടക്കാത്തത്.
പാത നവീകരണവുമില്ല റീടാറിങുമില്ല എന്ന സ്ഥിതിയാണിപ്പോൾ. കൊടൈക്കനാൽ, പഴനി എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള എളുപ്പവഴിയാണിത്. തമിഴ്നാട്ടിൽനിന്നുള്ള ഗുരുവായൂർ, ശബരിമല തീർഥാടകരും ഈ പാതയാണ് ഉപയോഗിക്കുന്നത്. പൊള്ളാച്ചിയിൽനിന്നും മറ്റും ചരക്കുലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും ഈ പാതയിലൂടെ പോവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.