ഒന്നര വർഷത്തെ യാത്രാദുരിതത്തിനറുതി: മംഗലത്തെ പുതിയ പാലം ഉദ്ഘാടനം മേയ് ആദ്യ വാരം
text_fieldsവടക്കഞ്ചേരി: മംഗലത്തെ പുതിയ പാലം മേയ് ഒന്നിനോ രണ്ടിനോ തുറക്കുമെന്ന് പുതിയ ഉറപ്പ്. ഒരാഴ്ചക്കുള്ളിൽ ശേഷിച്ച പ്രവൃത്തി കൂടി പൂർത്തിയാക്കും. അപ്രോച്ച് റോഡുകളുടെ ടാറിങ് മാത്രമേ ഇനി പൂർത്തിയാക്കാനുള്ളൂ. പെയിന്‍റിങ് പണികളെല്ലാം തീർന്നിട്ടുണ്ട്. പുഴയിലേക്കുള്ള കുളിക്കടവുകളുടെ നിർമാണവും കഴിഞ്ഞു. രണ്ടു മാസം മുന്നേ തുറക്കാമായിരുന്ന പാലം ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ച ശേഷമാണ് ഇപ്പോഴെങ്കിലും തുറക്കാൻ നടപടിയാകുന്നത്.
കഴിഞ്ഞ ഡിസംബർ മുതൽ ഉദ്ഘാടനത്തിന് ഓരോ തീയതികൾ പറഞ്ഞാണ് ഇതുവരെ എത്തിയിട്ടുള്ളത്. വാഹന തിരക്കേറിയ സംസ്ഥാന പാതയിൽ പുതിയ പാലം നിർമിക്കുമ്പോൾ സമാന്തര റോഡ് സംവിധാനം ഒരുക്കാതെയാണ് പഴയപാലം പൊളിച്ച് നീക്കി ജനങ്ങളെ പലവഴിക്ക് വിട്ട് യാത്രാ ദുരിതത്തിലാക്കിയത്. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളും ഒന്നര വർഷത്തോളമായി പൂട്ടിക്കിടക്കുകയാണ്.
പാലം വഴി ഉണ്ടായിരുന്ന ടെലിഫോൺ കേബിളെല്ലാം മുറിഞ്ഞ് ബി.എസ്.എൻ.എല്ലിന്‍റെ നിരവധി ഫോൺ കണക്ഷനുകളും പ്രവർത്തിക്കുന്നില്ല. നിർമാണത്തിന് കാലാവധി ഉണ്ടെന്ന് പറഞ്ഞ് മാസങ്ങൾക്കു മുമ്പേ നിർമാണം കഴിഞ്ഞ പാലത്തിലൂടെ അത്യാവശ്യം ഇരുചക്രവാഹനങ്ങളും മറ്റു ചെറു വാഹനങ്ങൾ പോലും കടത്തിവിട്ടില്ല. വളഞ്ഞ വഴി, തകർന്ന റോഡ് എന്നെല്ലാം പറഞ്ഞ് ഓട്ടോറിക്ഷകളും തോന്നും മട്ടിൽ ചാർജ് ഈടാക്കി ആ വഴിക്കും ജനങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.