പുലിപ്പേടി തീരാതെ ഒരു നാട്
text_fieldsവടക്കഞ്ചേരി: ആലത്തൂർ വനറേഞ്ചിലെ മംഗലം ഡാം, വീഴ്ലി, കാന്തളം, പാലക്കുഴി വനമേഖലകളിലെ പ്രദേശങ്ങൾ വർഷങ്ങളായി പുലിപ്പേടിയിൽ. പറമ്പിക്കുളം കടുവാസങ്കേതവും ചിമ്മിനി, പീച്ചി, വാഴാനി വന്യജീവി സങ്കേതങ്ങളും അതിരിടുന്ന വനമേഖലയിലെ പ്രദേശങ്ങളാണ് വർഷങ്ങളായി പുലിപ്പേടിയിൽ കഴിയുന്നത്.
ഒലിപ്പാറ, മംഗലഗിരി, കടപ്പാറ, രണ്ടാം പുഴ, ചൂരുപാറ, മംഗലം ഡാം, വി.ആർ.ടി പാലക്കുഴി, സമീപത്തായി ഒറ്റപ്പെട്ടു കിടക്കുന്ന അയിലമുടി മലയുടെ താഴ്വാരമായ വീഴ്ലി, കാന്തളം, മാപ്പിളപൊറ്റ പ്രദേശങ്ങളാണ് വർഷങ്ങളായി പുലിപ്പേടിയിലുള്ളത്.
മലയോര മേഖലകളായ ഇവിടങ്ങളിൽ കൂടുതലും റബർ തോട്ടങ്ങളാണ്. ഇവിടെ പുലിപ്പേടിയാൽ കഴിഞ്ഞ വർഷം ആഴ്ചകളോളം തൊഴിലാളികൾ റബർ തോട്ടങ്ങളിൽ ടാപ്പിങ് നിർത്തി വക്കുന്ന സ്ഥിതിവരെയുണ്ടായി.
മംഗലം ഡാം എർത്ത് ഡാം ഭാഗത്ത് കഴിഞ്ഞവർഷം തോട്ടത്തിൽ പുലി ചത്ത് കിടന്നതിനെ തുടർന്ന് വനംജീവനക്കാർ അന്വേഷണത്തിന് വിളിച്ചുവരുത്തിയ ടാപ്പിങ് തൊഴിലാളി മാനസിക സംഘർഷം മൂലം ആത്മഹത്യ ചെയ്തത് ബഹളത്തിന് വഴിവക്കുകയും മൃതദേഹവുമായി പ്രദേശവാസികൾ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ സമരം നടത്തുകയും
ചെയ്തിരുന്നു. കാന്തളം വീഴലിയിൽ പുലി രണ്ട് ആടുകളെ ആൾത്താമസമുള്ള വീട്ടിൽ വന്ന് കൊന്നിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകളിലെ നായ്ക്കളെ സ്ഥിരമായി പുലികൾ ഭക്ഷണമാക്കാറുമുണ്ട്.
ഒരു വർഷത്തിനുള്ളിൽ 28 ആടുകളെ കൊന്നുതിന്നു. നിരവധി പശുക്കിടാങ്ങളും വളർത്തുപട്ടികളും പുലിയുടെ ആക്രമണത്തിൽ ചത്തു. നിരവധി ആടുകൾക്കും വളർത്തുമൃഗങ്ങൾക്കും പരിക്കേറ്റു. പുലിയെപ്പിടിക്കാൻ കൂട് അത്ര ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ പരാതി. പിടികൂടിയ പുലികളെ വനാതിർത്തിയിൽ തുറന്നുവിടുന്നതാണ് ഇവ വീണ്ടും ജനവാസകേന്ദ്രത്തിലെത്താൻ കാരണമെന്നാണ് ജനങ്ങളുടെ ആരോപണം.
പിടികൂടിയവയെ ഉൾവനത്തിൽ കൊണ്ടുപോയി വിടണമെന്നാണ് ആവശ്യം. എന്നാൽ ഇതിനുള്ള സാഹചര്യം ഇപ്പോൾ വനം വകുപ്പിനില്ല എന്നതാണ് യാഥാർഥ്യം. ഉൾവനത്തിൽനിന്ന് കൂടുതൽ മത്സരം ഇല്ലാത്ത ജനവാസ മേഖലകളിലേക്ക് പുലികൾ എത്തുമെന്നാണ് വന്യജീവി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
കെണി വച്ചു പിടികൂടുന്ന പുലികളെ മൃഗശാലയിലേക്കോ ആഹാരക്ഷാമം ഇല്ലാത്തയിടങ്ങളിലേക്കോ മാറ്റുകയോ മാറ്റുകയാണ് പ്രതിവിധി.
പക്ഷെ അതിന് വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതിയും കേന്ദ്ര സർക്കാർ പിന്തുണയും ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികൾ ശക്തമായി രംഗത്തിറങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.