ടോൾനിരക്ക് കുറക്കണമെന്ന ഹരജി: ഹൈകോടതി വിശദീകരണം തേടി
text_fieldsവടക്കഞ്ചേരി: കോൺക്രീറ്റിങ്ങിനായി ഇടതുതുരങ്കം അടച്ചതിനാൽ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോൾനിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ ഹൈകോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണംതേടി. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. വാണിയമ്പാറ സ്വദേശി ജോർജ് ഫിലിപ്പാണ് ഹരജി നൽകിയത്. ആറുവരിപ്പാതയിലെ ടോൾ തുകയിൽ 64.6 ശതമാനവും ഈടാക്കുന്നത് തുരങ്കത്തിലൂടെയുള്ള യാത്രക്കാണെന്ന് വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ദേശീയപാത അതോറിറ്റിയിൽനിന്ന് മറുപടി ലഭിച്ചിരുന്നു. ഈ രേഖയുൾപ്പെടെ ഹരജിയിൽ സമർപ്പിച്ചിരുന്നു.
സർവിസ് റോഡ് പൂർത്തിയാകാത്തത്, ചാൽ നിർമാണത്തിലെ പ്രശ്നങ്ങൾ, വഴിവിളക്കുകൾ, നടപ്പാതകൾ, സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ തുടങ്ങിയവ ഇല്ലെന്നും ഹരജിയിൽ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലും ഹൈകോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ജനുവരിയിലാണ് കോൺക്രീറ്റിങ്ങിനായി ഇടതുതുരങ്കം അടച്ചത്. വലതുതുരങ്കത്തിലൂടെ ഒറ്റവരിയായാണ് ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. യാത്ര സുഗമമല്ലാതായതോടെ ടോൾനിരക്ക് കുറക്കണമെന്ന ആവശ്യമുയർന്നെങ്കിലും ടോൾ കമ്പനി അധികൃതർ പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.