പൊലീസിന്‍റെ വാത്സല്യം പദ്ധതിയിൽ വടക്കഞ്ചേരി സ്റ്റേഷനും
text_fieldsവടക്കഞ്ചേരി: കുട്ടികൾക്കെതിരായ അതിക്രമവും മോശമായ പെരുമാറ്റവും തടയാൻ പൊലീസ് ആരംഭിച്ച വാത്സല്യം പദ്ധതിയിൽ വടക്കഞ്ചേരി സ്റ്റേഷനും. പദ്ധതിയുടെ ഭാഗമായി യൂനിസെഫിന്‍റെയും വനിത ശിശു വികസന വകുപ്പിന്‍റെയും സഹകരണത്തോടെ പരിശീലനം ലഭിച്ച പൊലീസുകാരുടെ സഹായം സ്റ്റേഷനിലുണ്ടാകും. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽനിന്ന് ആറ് ബാച്ചുകളിലായി 300 പേർക്കാണ് ആദ്യഘട്ടമെന്ന നിലയിൽ പരിശീലനം നൽകിയത്.
കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങൾ, മാനസികപ്രശ്നങ്ങൾ, ലിംഗസമത്വം, പോക്സോ നിയമം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകും. കുട്ടികൾ ഇരകളോ പ്രതികളോ ആകുന്ന കേസുകളിൽ സ്വീകരിക്കേണ്ട സമീപനങ്ങളിലും പൊലീസുകാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സുരക്ഷിത യാത്ര ഉറപ്പുനൽകുന്നതിനൊപ്പം ബാലവേലയും ഭിക്ഷാടനവും തടയുകയും വാത്സല്യം പദ്ധതികൊണ്ട് ലക്ഷ്യംവെക്കുന്നുണ്ട്.
ചൈൽഡ് വെൽഫെയർ ഓഫിസർ, അസിസ്റ്റന്‍റ് ചൈൽഡ് വെൽഫെയർ ഓഫിസർ എന്നിവർക്കായിരിക്കും ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളിൽ ഈ വിഭാഗത്തിന്‍റെ ചുമതല. പദ്ധതിവഴി കുട്ടികൾക്കെതിരായ അതിക്രമം വലിയൊരളവിൽ തടയാനാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സി.ഐ എം. മഹേന്ദ്ര സിംഹൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.