വീട്ടുകാരെ തടങ്കലിലാക്കി റോഡ് നിർമാണം
text_fieldsവടക്കഞ്ചേരി: വള്ളിയോട് മിച്ചാരംകോട് വീട്ടുകാരെ തടങ്കലിലാക്കി റോഡ് നിർമാണം. പഞ്ചായത്തിന്റെ റോഡ് നിർമാണമാണ് പ്രദേശത്തെ ഏതാനും വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കിയത്. വീട്ടുകാർ വാർഡ് മെമ്പറോടും വടക്കഞ്ചേരി പഞ്ചായത്ത് ഓഫിസിലും പരാതി പറഞ്ഞെങ്കിലും ഫണ്ട് വന്നാൽ ശരിയാക്കാം എന്ന് പറഞ്ഞ് വൈകിപ്പിക്കുകയാണെന്നാണ് വീട്ടുകാരുടെ പരാതി.
നെൽപ്പാടത്തിന്റെ കരഭാഗത്താണ് 100 മീറ്ററിലധികം ദൂരത്തിൽ പുതിയ വഴി നിർമിച്ചത്. പഴയ കെട്ടിടാവശിഷ്ടങ്ങൾ തള്ളിയാണ് റോഡ് നിർമിച്ചത്. കോൺക്രീറ്റ് കട്ടകളും മറ്റുമായി നടക്കാൻ പോലും കഴിയാത്ത വിധം കുറച്ചുകാലം ജനങ്ങളെ ബുദ്ധിമുട്ടിച്ചശേഷമാണ് സൈഡ് കെട്ടി റോഡിന്റെ രൂപമാക്കിയത്. മതിയായ മണ്ണ് നിറക്കാതെ റോഡ് ഇപ്പോൾ തോണി പോലെയാണ്. മഴ കനത്താൽ റോഡിൽ വെള്ളം നിറയും. ഇതുകാരണം അരികിലെ കെട്ടുകൾ തകരാൻ സാധ്യതയുണ്ടെന്ന് വീട്ടുകാർ പറയുന്നു. റോഡിന്റെ അവസാനഭാഗത്തായി വീടുകളുടെ മതിലിനോട് ചേർന്ന് നാലടി താഴ്ചയിലും മൂന്നടിയോളം വീതിയിലുമായി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ചാലുണ്ടാക്കി. എന്നാൽ, ഒന്നരമാസത്തിലേറെയായി ഈ ചാല് അതേപടി കിടക്കുകയാണ്.
ചാലിന്റെ രണ്ട് വശവും അടിയിലും കോൺക്രീറ്റ് ചെയ്ത് സ്ലാബ് സ്ഥാപിക്കാം എന്ന ഉറപ്പിലായിരുന്നു ചാലുനിർമാണം. എന്നാൽ, അതുണ്ടായില്ല. ഇപ്പോൾ ആളുകൾക്ക് വീടുകളിൽനിന്ന് റോഡിലേക്ക് കടക്കാൻ നിവൃത്തിയില്ലാതായി. പ്രായമായവർ താമസിക്കുന്ന വീടുകളും ഇവിടെയുണ്ട്. ഇരുചക്രവാഹനം പോലും വീട്ടിലേക്ക് കടത്താൻ കഴിയില്ല. കാലവർഷം ശക്തിപ്പെടുന്നതോടെ ഇവിടെ വെള്ളം പൊങ്ങി വീടുകളിൽ കുടുങ്ങുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്.
വെള്ളച്ചാൽ കോൺക്രീറ്റ് ചെയ്ത് സ്ലാബ് നിർമിച്ച് വഴി നടക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.