മച്ചാട് റേഞ്ചിൽ ചന്ദനക്കൊള്ള
text_fieldsവടക്കാഞ്ചേരി: വനം വകുപ്പിന്റെ മച്ചാട് റേഞ്ചിൽ ഉൾപ്പെടുന്ന ചേപ്പലക്കോട് കാപ്പി പ്രദേശത്ത് വ്യാപക ചന്ദനക്കൊള്ള. ഇരുപതോളം മരങ്ങളാണ് ഈ പ്രദേശത്തുനിന്ന് മാത്രം കടത്തിയിരിക്കുന്നത്. ഇടുക്കിയിലെ മറയൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങൾ തൃശൂർ ജില്ലയിലെ ചാലക്കുടിയിലും മച്ചാട് വടക്കാഞ്ചേരി റേഞ്ചുകളിലുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വടക്കാഞ്ചേരി റേഞ്ചിലെ മുള്ളൂർക്കര മൊടവാറക്കുന്നിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തില നാലുപേരെ ഡിസംബറിൽ വടക്കാഞ്ചേരി വനം വകുപ്പ് റേഞ്ച് അധികൃതർ പിടികൂടിയിരുന്നു. മച്ചാട് റേഞ്ചിന് കീഴിലുള്ള വനപാലകർ ചന്ദനക്കൊള്ള ഗൗരവമായി കാണുന്നില്ലെന്നും വനത്തിൽ പരിശോധന നടത്തുന്നില്ലെന്നും പരിസരവാസികൾ പറയുന്നു.
വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടും അനങ്ങാപ്പാറ നയം തുടരുന്നതിനാൽ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ബുധനാഴ്ച പ്രദേശം സന്ദർശിച്ചു. ഡി.സി.സി സെക്രട്ടറി കെ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചേപ്പലക്കോട്, കാപ്പി വനമേഖലകൾ സന്ദർശിച്ചു.
വനം വകുപ്പ് അധികൃതർ കേസെടുത്ത് അന്വേഷണമാരംഭിക്കണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലാത്തപക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും അജിത്കുമർ പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ, പ്രസിഡന്റ് എ.എസ്. ഹംസ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.