തെന്നിലാപുരത്ത് എള്ള് കൃഷി 'സൂപ്പർ സ്റ്റാർ'
text_fieldsവടക്കഞ്ചേരി: മകരക്കൊയ്ത്ത് കഴിഞ്ഞ വയലിൽ പരീക്ഷണമായാണ് തെന്നിലാപുരം സ്വദേശി ബാലകൃഷ്ണന് എള്ളുവിതച്ചത്. പരീക്ഷണ കൃഷി സൂപ്പറാണെന്നാണ് വിളവ് തെളിയിക്കുന്നത്.
അരയേക്കറില്‍നിന്ന് വിളവെടുത്തത് 50 കിലോയോളം എള്ളാണ്. 90 -100 ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിഞ്ഞതായി ബാലകൃഷ്ണൻ പറയുന്നു. നാടന്‍ എള്ളിനായി ആവശ്യക്കാരും ഏറെയാണെന്ന് ബാലകൃഷ്ണന് പറഞ്ഞു. ഒരു കിലോ വിത്താണ് ഉഴുതുമറിച്ച് വിതച്ചത്. കറുത്ത ഇനം വിത്താണ് കൃഷിയിറക്കിയത്.
വേനല്‍ കടുത്തതായിരുന്നെങ്കിലും ഇടവിട്ട് കിട്ടിയ മഴ എള്ളുകൃഷിക്ക് ഏറെ ഗുണം ചെയ്തു. സമയാസമയങ്ങളില്‍ മഴ കിട്ടിയതോടെ എള്ളു ചെടി നന്നായി തഴച്ചുവളര്‍ന്നു. ഒന്നര മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തിലാണ് എള്ളുചെടികള്‍ വളര്‍ന്നത്. നന്നായി കായ്ഫലവുമുണ്ടായതായി ബാലകൃഷ്ണന് പറഞ്ഞു.
കന്നുകാലികള്‍ തിന്നാത്തതിനാല് വേലികെട്ടി സംരക്ഷിക്കേണ്ട ചെലവുമുണ്ടായില്ല. വളപ്രയോഗവും നടത്തിയിട്ടില്ല. ഒരേക്കറില്‍നിന്ന് 100 മുതല്‍ 200 വരെ കിലോ വിളവുണ്ടാകുമെന്നാണ് കൃഷിവിദഗ്ധരുടെ അഭിപ്രായം. പൊതുവിപണിയില്‍ കിലോക്ക് 180 -200 രൂപ വിലയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.