ആരാധ്യയെ സ്മാർട്ടാക്കി ജനമൈത്രി പൊലീസ്
text_fieldsവടക്കഞ്ചേരി: കോവിഡ് കാലത്ത് വീടുകളിൽ ഒറ്റപ്പെട്ട് പോകുന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനായാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് 'ചിരി' എന്ന പദ്ധതി ഒരുക്കിയത്. ഫോൺ വിളിച്ച് സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനുള്ള അവസരമൊരുക്കിയ എസ്.പി.സിക്ക് വന്ന ഒരു ഫോൺ കോൾ കുഞ്ഞ് മനസ്സിലെ വലിയ സങ്കടമായിരുന്നു. മംഗലം സ്വദേശിനിയായ ആരാധ്യ ആവശ്യപ്പെട്ടത് ഒരു സ്മാർട്ട് ഫോൺ ആയിരുന്നു.
അഞ്ചുമൂർത്തി മംഗലം പടിഞ്ഞാറെ വീട്ടിൽ മനോജ്-സന്ധ്യ ദമ്പതികളുടെ മകളും പന്നിയങ്കര ശോഭ അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ ആരാധ്യ തനിക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്നുള്ള വിഷമം അറിയിച്ചതോടെ ഐ.ജി പി. വിജയൻ വടക്കഞ്ചേരി ജനമൈത്രി പൊലീസുമായി ബന്ധപ്പെടുകയും അതിെൻറ അടിസ്ഥാനത്തിൽ വടക്കഞ്ചേരി പൊലീസ് പത്മ ചാരിറ്റബിൾ ട്രസ്റ്റിനെ വിവരമറിയിക്കുകയും ചെയ്തതോടെയാണ് ആരാധ്യക്ക് സ്മാർട്ട് ഫോൺ ലഭ്യമായത്.
പത്മ ചാരിറ്റബിൾ ട്രസ്റ്റും ക്ലാപ്പ് ചാരിറ്റി യു.എസ്.എയും വടക്കഞ്ചേരി ജനമൈത്രി പൊലീസും സംയുക്തമായി നടത്തിയ ചടങ്ങിൽ സി.ഐ ബി. സന്തോഷ് ആരാധ്യക്ക് ഫോൺ കൈമാറി. ട്രസ്റ്റ് ചെയർമാൻ പി. വിഷ്ണു, ജനമൈത്രി പി.ആർ.ഒ കാശി വിശ്വനാഥൻ, കെ.എസ്. പൊന്മല, ബൈജു വടക്കുംപുറം, സി.പി.ഒമാരായ സിന്ധു, ഹരിദാസ് എന്നിവർ സംബന്ധിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.