സൗരോർജ തൂക്കുവേലി നിർമാണം അടുത്തയാഴ്ച മുതൽ -ഡി.എഫ്.ഒ
text_fieldsവടക്കഞ്ചേരി: കാട്ടാന ശല്ല്യം രൂക്ഷമായ അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലെ മലയോര മേഖലകളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായതായും അടുത്തയാഴ്ച മുതൽ പണി തുടങ്ങുമെന്നും നെന്മാറ ഡി.എഫ്.ഒ പി. പ്രവീൺ. ആന ശല്ല്യം രൂക്ഷമായ നേർച്ചപ്പാറ, പുത്തൻചള്ള, ഓവുപാറ, മരുതഞ്ചേരി, പൂഞ്ചേരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കവേയാണ് ഡി.എഫ്.ഒ ഇക്കാര്യമറിയിച്ചത്. ഡി.എഫ്.ഒക്ക് പുറമെ ആലത്തൂർ, നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണദാസ്, കെ. ഷെറിഫ് എന്നിവരുടെ നേതൃത്വത്തിൽ എസ്.എഫ്. ഒ, ബി.എഫ്.ഒ എന്നിവരടങ്ങുന്ന സംഘം ആനകൾ നശിപ്പിച്ച കൃഷിയിടങ്ങളും വീട്ടുവളപ്പുകളും സന്ദർശിച്ചു.
പ്രദേശവാസികൾ തങ്ങളുടെ പ്രയാസങ്ങൾ ഉദ്യോഗസ്ഥ സംഘത്തോട് വിവരിച്ചു. പൂതംകുഴി, പൊൻകണ്ടം മുതലായ സ്ഥലങ്ങളിൽ നിന്നും നൂറോളം പേർ പരാതി ബോധിപ്പിക്കാൻ നേർച്ചപ്പാറയിൽ എത്തിയിരുന്നു. പ്രദേശത്തെ ശല്യക്കാരനും ആക്രമണകാരിയുമായ മോഴ ആനയെ മയക്കുവെടിവെച്ച് പിടികൂടി ദൂരസ്ഥലത്തേക്ക് മാറ്റണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
നേർച്ചപ്പാറയിലെ വനം വകുപ്പ് ഔട്ട് പോസ്റ്റിൽ ഉടൻ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റബർ ബുള്ളറ്റുകളും തോക്കും ഉടനടി ഇവിടെ എത്തിച്ച് ശല്യക്കാരായ ആനകളെ വനപാലകർ ഉൾ വനങ്ങളിലേക്ക് കയറ്റി വിടുമെന്നും ഡി. എഫ്. ഒ. ഉറപ്പു നൽകി. കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവൻ ചിറ, കിഫ റിസർച്ച് വിങ്ങ് മെമ്പർ ഡോ. സിബി സക്കറിയ, ജില്ലാ ട്രഷറർ രമേശ് ചേവക്കുളം, ജില്ലാ കമ്മിറ്റി അംഗം ബെന്നി ജോർജ്, അനീഷ് തോമസ്, മോഹനൻ മരുതൻചേരി, പരമേശ്വരൻ ഓവു പാറ തുടങ്ങിയവർ ജനങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ചു. കേരള ഇൻഡിപെൻഡന്റ് ഫാർമസ് അസോസിയേഷന്റെയും, ഭൂ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ വന്യമൃഗ ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വനം അധികൃതർക്ക് കഴിഞ്ഞദിവസം നിവേദനം നൽകിയിരുന്നു ഇതിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.