ജില്ലയിൽ മുദ്രപത്ര ക്ഷാമം രൂക്ഷം ; 50, 100 രൂപ മുദ്രപത്രങ്ങളാണ് കിട്ടാനില്ലാതായത്
text_fieldsവടക്കഞ്ചേരി: ജില്ലയിൽ മുദ്രപത്ര ക്ഷാമം രൂക്ഷമായി. കൂടുതൽ ആവശ്യമുള്ളതും ചെറിയ മൂല്യമുള്ളതുമായ 50, 100 രൂപ തുടങ്ങിയ മുദ്രപത്രങ്ങളാണ് കിട്ടാനില്ലാതായത്. ജില്ല ട്രഷറിയിലുള്ള സ്റ്റാമ്പ് ഡിപ്പോയിൽ ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ തീർന്നതാണ് ക്ഷാമത്തിന് കാരണമായത്.
ഉപയോഗശൂന്യമായി കിടന്ന അഞ്ചുരൂപയുടെയും 10 രൂപയുടെയും മുദ്രപത്രങ്ങൾ ജില്ല സ്റ്റാമ്പ് ഡിപ്പോ ഓഫിസർമാരെ കൊണ്ട് പുനർമൂല്യനിർണയം നടത്തി 50 രൂപ 100 രൂപ എന്നീ വിലയിലുള്ള മുദ്രപത്രമാക്കിയാണ് താൽക്കാലികമായി വിതരണം ചെയ്യുന്നത്.
വിൽപന നടത്തുന്ന സ്റ്റാമ്പ് വെണ്ടർമാർക്കും സബ് ട്രഷറികളിലേക്കും മുദ്രപത്രം വിതരണം ചെയ്യുന്നത് ജില്ല ട്രഷറിയിലുള്ള ജില്ല സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ്. തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മുദ്രപത്രങ്ങൾ എത്തുന്നത്. കോവിഡ് വ്യാപനത്തോടുകൂടി മഹാരാഷ്ട്രയിലെ നാസിക് സെക്യൂരിറ്റി പ്രസിൽനിന്ന് മുദ്രപത്രങ്ങൾ ആവശ്യത്തിന് കിട്ടാത്തതാണ് ക്ഷാമം രൂക്ഷമാകാൻ കാരണം.
കുറഞ്ഞ മൂല്യമുള്ള മുദ്രപത്രങ്ങൾ ഉയർന്ന മൂല്യമുള്ളതാക്കി മാറ്റാൻ ട്രഷറി ഡയറക്ടർ വിവിധ ജില്ലകളിലെ സ്റ്റാമ്പ് ഡിപ്പോ ഓഫിസർമാർക്ക് പ്രത്യേക അധികാരം നൽകിയെങ്കിലും പ്രശ്നപരിഹാരമായില്ല. ദൈനംദിന പ്രവൃത്തിക്കിടയിൽ വേണം ഇതുചെയ്യേണ്ടത് എന്നതിനാൽ ഒരു ദിവസം 300 മുതൽ 500 എണ്ണം വരെ മാത്രമേ സീൽ ചെയ്തു ഒപ്പുെവച്ചു കമ്പ്യൂട്ടറിൽ സ്റ്റേക്ക് രേഖപ്പെടുത്തി വിതരണത്തിന് കൊടുക്കാൻ കഴിയൂ. ഇത് പാലക്കാട് ടൗണിലെ വെണ്ടമാർക്ക് തന്നെ കൊടുക്കാൻ തികയുന്നില്ല.
വിവിധ ആവശ്യങ്ങൾക്ക് കൂടുതലായി വേണ്ടിവരുന്ന 50, 100, 200 മൂല്യമുള്ള മുദ്ര പേപ്പറുകൾക്ക് ക്ഷാമം ഉള്ളതിനാൽ ഇവയ്ക്ക് പകരം 500, 1000 രൂപ മൂല്യമുള്ളവ വാങ്ങേണ്ടി വരുന്നതായാണ് പരക്കെയുള്ള ആക്ഷേപം.
നാസിക്കിലെ കേന്ദ്ര പ്രസിൽനിന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ മുദ്രപത്രങ്ങൾ നാലുദിവസത്തിനകം എത്തുമെന്നും പ്രസിൽ പോയി വന്നവരുടെ കോവിഡ് നിരീക്ഷണ കാലം കഴിഞ്ഞു മാത്രമേ വിതരണം ആരംഭിക്കൂവെന്നും അധികൃതർ അറിയിച്ചു.
അങ്ങനെയെങ്കിൽ ഒക്ടോബർ പത്താം തീയതിയോടുകൂടി മാത്രമേ ഓരോ ജില്ലയിലേക്കും ആവശ്യമായ ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ ലഭിക്കൂ. ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങൾ എത്രയും പെട്ടെന്ന് വിപണിയിൽ ലഭ്യമാക്കണമെന്നും പൊതുജന ആവശ്യം മുൻനിർത്തി ഇക്കാര്യത്തിൽ സർക്കാറിെൻറ അടിയന്തര ശ്രദ്ധ പതിയണമെന്നും ആധാരമെഴുത്തുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.